കണ്ണൂര്‍ ചക്കരക്കല്‍ മാലമോഷണ കേസിലെ യഥാര്‍ത്ഥ പ്രതി അറസ്റ്റില്‍
|കണ്ണൂര്‍ ചക്കരക്കല്‍ മാലമോഷണ കേസിലെ യഥാര്‍ത്ഥ പ്രതി അറസ്റ്റില്‍. മാഹി അഴിയൂര്‍ സ്വദേശി ശരത് വത്സരാജാണ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരനെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച താജുദ്ദീന്, മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് പുനരന്വേഷണം നടത്തിയത്. കഴിഞ്ഞ സെപ്തംബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂട്ടറിലെത്തിയ അജ്ഞാതന്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തില്‍ നിരപരാധിയായ താജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് 54 ദിവസം ജയില്‍ വാസം അനുഭവിച്ച താജുദ്ദീന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഡി.ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ഡി.വൈ.എസ്.പി, പി.പി സദാനന്ദന് കേസ് പുനരന്വേഷണം നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട ആളുടെ കയ്യിലെ സ്റ്റീല്‍ വളയും നെറ്റിയിലെ മുറിപ്പാടുമാണ് കേസില്‍ നിര്‍ണായകമായത്. ഇത് താജുദ്ദീനല്ല പ്രതിയെന്ന നിഗമനത്തിലെത്താന്‍ പോലീസിനെ സഹായിച്ചു. തുടര്‍ന്ന് സംസ്ഥാനത്ത് സമാന കേസില്‍ പ്രതിയാക്കപ്പെട്ടവരുടെ പട്ടിക പോലീസ് ശേഖരിച്ചു. അങ്ങനെയാണ് ചീറ്റിങ് കേസില്‍ ഉള്‍പ്പെട്ട് കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അഴിയൂര്‍ കോറോത്ത് റോഡിലെ ശരത് വത്സരാജിലേക്ക് അന്വേഷണം എത്തിയത്.
കോടതിയില്‍ നിന്നും പ്രത്യേക അനുമതി വാങ്ങി ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയ ശരത് വത്സരാജ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷണ മുതല്‍ തലശേരിയിലെ ഒരു ജ്വല്ലറിയില്‍ വില്പന നടത്തിയതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. മോഷണത്തിനുപയോഗിച്ച വെളള സ്കൂട്ടറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.