എം.എെ ഷാനവാസ് എം.പി അന്തരിച്ചു
|കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയോടെ എറണാകുളത്തെ വസതിയിലെത്തിക്കും. നാളെയാണ് ഖബറടക്കം.
വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ എം.എെ ഷാനവാസ് അന്തരിച്ചു. 67 വയസ്സായിരുന്നു. പുലർച്ചെ 1 35ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെ തുടർന്ന് ആരോഗ്യനില വഷളാവുകയും പുലർച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയോടെ എറണാകുളത്തെ വസതിയിലെത്തിക്കും. നാളെയാണ് ഖബറടക്കം.
തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പിൽ അഡ്വ. എം.വി. ഇബ്രാഹിം കുട്ടിയുടേയും നൂർജഹാൻ ബീഗത്തിന്റേയും മകനായി 1951 സെപ്റ്റംബർ 22 ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്. വിദ്യാർഥിയായിരിക്കെ കെ.എസ്.യുവിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ഷാനവാസ്, യൂത്ത് കോൺഗ്രസ്, സേവാദൾ തുടങ്ങി കോൺഗ്രസിന്റെ പോഷക സംഘടനകളിൽ നേതൃപരമായ ചുമതലകൾ വഹിച്ചിട്ടുണ്ട്.
കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയും എറണാകുളം ലോ കോളജിൽ നിന്ന് എൽ.എൽ.ബിയും നേടിയിട്ടുണ്ട്. മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം എറണാകുളത്ത് എത്തിക്കും. ഖബറടക്കം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക്.