കമ്യൂണിസ്റ്റുകള്‍ക്കെതിരെയാണ് ബി.ജെ.പിയുടെ സമരമെങ്കില്‍ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതെന്തിനെന്ന് മുഖ്യമന്ത്രി
|കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത് ഭക്തരെ അല്ലെന്നും സംഘപരിവാര്‍ നേതാക്കളെയാണെന്നും വിശദീകരിച്ച മുഖ്യമന്തി ഇവരുടെ പേരുകള്‍ അവര്‍ വഹിക്കുന്ന സ്ഥാനങ്ങളും എടുത്ത് പറഞ്ഞു.
പ്രശ്നങ്ങളുണ്ടാക്കി ശബരിമലയെ പിടിച്ചെടുക്കാനുള്ള നീക്കമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്തരെ ബലിയാടാക്കി രാഷ്ട്രീയനേട്ടത്തിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസിനൊപ്പമാണ് കോണ്‍ഗ്രസെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് പ്രതിഷേധത്തെ അടിച്ചമര്‍ത്താമെന്ന് പിണറായി സര്‍ക്കാര്‍ കരുതേണ്ടെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്തു.
സന്നിധാനത്തെ പൊലീസ് ഇടപെടലില്‍ ഹൈക്കോടതിയില്‍ നിന്ന് വിര്‍ശനം ഏറ്റ പശ്ചാത്തലത്തില്‍ പൊലീസ് നടപടികള്‍ വിശദീകരിച്ചാണ് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനം ആരംഭിച്ചത്. ഭക്തർക്ക് സൗകര്യം ഒരുക്കാനായിരുന്നു പൊലീസ് നടപടികൾ. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചപ്പോഴാണ് പൊലീസ് ഇടപെട്ടത്. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത് ഭക്തരെ അല്ലെന്നും സംഘപരിവാര്‍ നേതാക്കളെയാണെന്നും വിശദീകരിച്ച മുഖ്യമന്തി ഇവരുടെ പേരുകള്‍ അവര്‍ വഹിക്കുന്ന സ്ഥാനങ്ങളും എടുത്ത് പറഞ്ഞു.
സംഘപരിവാര്‍ മല പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. സ്ത്രീ പ്രവേശനത്തിനെതിരെയല്ല കമ്യൂണിസ്റ്റ് പാർട്ടിക്കെതിരാണ് സമരമെന്നാണ് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതെന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിലയ്ക്കൽ വരെ എത്തുന്ന സ്ത്രീകള്‍ക്കാണ് സംരക്ഷണം നൽകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ശബരിമലയിലെ സര്‍ക്കാര്‍ ഇടപടലുകളെ വിമര്‍ശിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രംഗത്തെത്തി. പിണറായി സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്യുന്ന രീതി നിരാശാജനകമാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ ഭക്തര്‍ക്കുമൊപ്പമാണ് ബി.ജെ.പിയെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.