ഏഴ് ജില്ലകളില്‍ ഖരമാലിന്യ സംസ്കരണത്തിന് പ്ലാന്റുകള്‍ സ്ഥാപിക്കും
|കോഴിക്കോട് ഞെളിയമ്പറമ്പിലാണ് ആദ്യ പദ്ധതി നടപ്പാക്കുക. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളിലുള്ളവരുമായി ജില്ലാകളക്ടര്‍മാര്‍ ചര്‍ച്ച നടത്തുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്
സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഖരമാലിന്യ സംസ്കരണത്തിന് പ്ലാന്റുകള്‍ സ്ഥാപിക്കാനുളള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. കോഴിക്കോട് ഞെളിയമ്പറമ്പിലാണ് ആദ്യ പദ്ധതി നടപ്പാക്കുക. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളിലുള്ളവരുമായി ജില്ലാകളക്ടര്‍മാര്‍ ചര്‍ച്ച നടത്തുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന് പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളുടെ വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പദ്ധതികളിലൂടെയാണ് നിലവില്‍ ജൈവ മാലിന്യ സംസ്കരണം. ഇതിനു പുറമേ വരുന്ന ഖരമാലിന്യ നിര്‍മാര്‍ജനത്തിനാണ് സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തില്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. മാലിന്യം തദ്ദേശസ്ഥാപനങ്ങള്‍ സംഭരിച്ച് നല്‍കും. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന ഊര്‍ജം, വൈദ്യുതി റെഗുലേറ്ററി അഥോറിറ്റി നിശ്ചയിക്കുന്ന നിരക്കില്‍ സര്‍ക്കാര്‍ വാങ്ങും. ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍ വ്യവസ്ഥയില്‍ 27 വര്‍ഷത്തെ പാട്ടത്തിനാകും പ്ലാന്റുകള്‍ നിര്‍മിക്കുക.
ഞെളിയം പറമ്പില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കോഴിക്കോട് നഗരസഭ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പാലോടിനു സമീപം പെരിങ്ങമ്മലയാണ് പ്ലാന്റിനായി കണ്ടെത്തിയിട്ടുള്ളത്. ഇവിടെയടക്കം നാട്ടുകാരുടെ എതിര്‍പ്പ് മറികടകക്കാന്‍ വേണ്ടി ജില്ലാകളക്ടര്‍മാര്‍ ചര്‍ച്ച നടത്തും. വിളപ്പില്‍ശാലയുടെ പഴയ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് എതിര്‍പ്പുകള്‍. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിസര മലിനീകരണമില്ലാതെയാകും പ്ലാന്റുകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പത്തേക്കറില്‍ താഴെ സ്ഥലത്താകും പ്ലാന്റുകള്‍. ഖരമാലിന്യ നിര്‍മാര്‍ജനത്തില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കമ്പനികള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്കാണ് പദ്ധതിയുടെ നിരീക്ഷണ ചുമതല.