ശബരിമല വ്രതമെടുത്ത യുവതികള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു; അപര്‍ണ ശിവകാമിയുടെ വീടിനുനേരെ ആക്രമണം
|വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ഉറങ്ങി കിടന്നിരുന്ന അപര്‍ണയുടെ മകള്‍ അതിഥിയുടെ ദേഹത്ത് ജനല്‍ ചില്ലുകള്‍ തെറിച്ച് വീണ് പരിക്കേറ്റു.
ശബരിമല വിഷയത്തില്‍ എറണാകുളം പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതിയുടെ വീടിനുനേരെ ആക്രമണം. ആക്ടിവിസ്റ്റായ അപര്‍ണ ശിവകാമിയുടെ മലപ്പുറം കാക്കഞ്ചേരിയിലെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു.
ഇന്ന് പുലര്‍ച്ചെ 3മണിയോടെ ബൈക്കിലെത്തിയ സംഘമാണ് വീടിനു നേരെ ആക്രമണം നടത്തിയത്. വീടിനകത്ത് ഉറങ്ങി കിടന്നിരുന്ന അപര്‍ണയുടെ മകള്‍ അതിഥിയുടെ ദേഹത്ത് ജനല്‍ ചില്ലുകള്‍ തെറിച്ച് വീണ് പരിക്കേറ്റു. വീടിന് സമീപത്തുള്ളവര്‍ തന്നെ അക്രമം നടത്തിയതെന്നാണ് സംശയം.
ശബരിമല വ്രതമെടുത്ത മൂന്ന് യുവതികള്‍ക്കൊപ്പം അപര്‍ണയും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. വാര്‍ത്ത സമ്മേളനം നടത്തിയ യുവതികള്‍ക്ക് പ്രസ് ക്ലബ്ബില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത വിധം ഉപരോധവും ഉണ്ടായിരുന്നു. ഈ ദൃശ്യങ്ങളടക്കം അപര്‍ണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വീട് ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.