ഇടുക്കിയിലെ എ.ടി.എം കവര്‍ച്ചാശ്രമം; പ്രതി പിടിയില്‍
|തമിഴ്‌നാട് ബോഡി സ്വദേശി മണികണ്ഠനെയാണ് മൂന്നാര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇടുക്കി മറയൂര്‍ കോവില്‍കടവില്‍ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. തമിഴ്‌നാട് ബോഡി സ്വദേശി മണികണ്ഠനെയാണ് മൂന്നാര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം ഉണ്ടായത്. കൗണ്ടറിലെ സി.സി.ടി.വി ക്യാമറകള്‍ മറച്ച നിലയിലായിരുന്നു. കോവില്‍കടവിലെ ലോഡ്ജുകളില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. റൂം എടുത്ത് താമസിച്ചിരുന്ന ഇയാള്‍ മുങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് മണികണ്ഠന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്.
അദ്യ ഭാര്യയുമായുള്ള കേസ് തീർക്കുന്നതിന് പണം കണ്ടെത്താനാണ് കവർച്ചാ ശ്രമമെന്ന് പ്രതി മൊഴി നൽകി. ഏറെ ശ്രമിച്ചിട്ടും പണം കവരാൻ കഴിയാതെ വന്നതിനാൽ അടുത്ത ദിവസം രണ്ടാം ഭാര്യയുടെ മാല പണയം വെച്ച ശേഷം മണികണ്ഠൻ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. തമിഴ്നാട്ടിലെ നാക്കണ്ണൂരിൽ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.