സമസ്ത ജനറല്‍ സെക്രട്ടറിക്കെതിരായ പരാമര്‍ശം; മന്ത്രി കെ.ടി ജലീലിനെതിരെ വ്യാപക വിമര്‍ശനം
|‘ഇടതു സര്‍ക്കാര്‍ സമസ്തയോട് ശത്രുതാ നിലപാട് സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മുന്നില്‍ സമസ്ത ഉന്നയിച്ച വിഷയങ്ങളില്‍ അനുഭാവ പൂര്‍വ്വമായ നിലപാടുകളാണ് ഉണ്ടായിട്ടുള്ളത്’
ബന്ധുനിമന വിവാദത്തില്‍ വിശദീകരണം നല്‍കാന്‍ സി.പി.എം മലപ്പുറത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ മന്ത്രി കെ.ടി ജലീല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സമസ്ത രംഗത്ത്. തങ്ങളായി പാണക്കാട് ഹൈദരലി തങ്ങളും, മുസ്ല്യാരായി ആലിക്കുട്ടി മുസ്ലിയാരും, നേതാവായി കുഞ്ഞാലിക്കുട്ടിയും മാത്രം മതി എന്നാണ് ലീഗിന്റെ നിലപാടെന്നാണ് ജലീല്‍ പ്രസംഗിച്ചത്. സമസ്തയുടെ ജനറല്‍ സെക്രട്ടറിയായ ആലിക്കുട്ടി മുസ്ലിയാരുടെ പേര് രാഷ്ട്രീയ വേദിയില്‍ അനാവശ്യമായി വലിച്ചിഴച്ചതില്‍ സമസ്തക്ക് കടുത്ത അതൃപ്തിയുണ്ട്.
രാഷ്ട്രീയ നേതാക്കളായ പാണക്കാട് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കുമൊപ്പം രാഷ്ട്രീയ താല്‍പര്യങ്ങളേതും ഇല്ലാത്ത ആലിക്കുട്ടി മുസ്ലിയാരെ ജലീല്‍ പരിഹസിച്ചതിന്‍റെ യുക്തിയാണ് സമസ്ത ചോദ്യം ചെയ്യുന്നത്. ഇക്കാര്യം പരാമര്‍ശിക്കുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പൊസ്റ്റില്‍ മന്ത്രി ജലീലിനെ വിമര്‍ശിക്കുന്നതിനൊപ്പം സി.പി.എമ്മിന് മുന്നറിയിപ്പും നല്‍കുന്നുണ്ട്.
ബന്ധു നിമയന വിവാദത്തില്‍ വലിയ കാര്യമുണ്ടെന്ന് കേരളത്തിലെ മതസംഘടനകള്‍ ഒന്നും തന്നെ കരുതുന്നില്ലെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. എതിരാളികള്‍ പോലും വിമര്‍ശനത്തിന് മുതിരാത്ത സമസ്തയുടെ ജനറല്‍ സെക്രട്ടറിയെ ജലീല്‍ പരിഹസിച്ചെന്നും പോസ്റ്റില്‍ പറയുന്നു. ഇടതു സര്‍ക്കാര്‍ സമസ്തയോട് ശത്രുതാ നിലപാട് സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മുന്നില്‍ സമസ്ത ഉന്നയിച്ച വിഷയങ്ങളില്‍ അനുഭാവ പൂര്‍വ്വമായ നിലപാടുകളാണ് ഉണ്ടായിട്ടുള്ളത്. മന്ത്രി ജലീലിന്റെ ഇംഗിതങ്ങളെ പോലും പരിഗണിക്കാതെ മുഖ്യമന്ത്രി അനുകൂല നിലപാടെടുത്തിട്ടുണ്ട്.
മന്ത്രിയുടെ ഉത്തരം പരിഹാസങ്ങള്‍ പാര്‍ട്ടി നയത്തിന്റെ ഭാഗമാണോ എന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കണം. കേട്ടുകേള്‍വിയെ അടിസ്ഥാനമാക്കി വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞാല്‍ നഷ്ടം മന്ത്രിക്ക് മാത്രമായിരിക്കില്ലെന്ന മുന്നറിയിപ്പും സി.പി.എമ്മിന് നല്‍കിയാണ് പന്തല്ലൂരിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
ജലീലിന്റെ നടപടിയിലുള്ള അതൃപ്തി മുഖ്യമന്ത്രിയെയും സമസ്ത അറിയിച്ചിട്ടുണ്ട്. പ്രശ്‌നം കൈവിട്ടതോടെ ജലീല്‍ തന്നെ നേരിട്ട് സമസ്ത നേതാക്കളെ വിളിച്ച് അനുനയന നീക്കം തുടങ്ങിയിട്ടുണ്ട്.