Kerala
ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യങ്ങളുണ്ടെന്ന് ഹൈക്കോടതി
Kerala

ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യങ്ങളുണ്ടെന്ന് ഹൈക്കോടതി

Web Desk
|
23 Nov 2018 1:08 PM GMT

ദേവസ്വം ബോർഡിന്റെ ഫണ്ട് കോടതി അനുമതിയില്ലാതെ ചിലവഴിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകി.  

ശബരിമലയെ എത്രയും വേഗം സാധാരണ നിലയിലേക്ക് തിരിച്ച് കൊണ്ടുവരണമെന്ന് ഹൈക്കോടതി. ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യങ്ങളുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

ശബരിമലയിലെ പൊലീസ് അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയില്‍ സർക്കാർ വിശദമായ സത്യവാങ്‌മൂലം സമർപ്പിച്ചു. പൊലീസ് ശബരിമലയിൽ പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നാണ് സർക്കാർ വിശദീകരണം. യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണമില്ല. യഥാർത്ഥ ഭക്തരെ ആക്രമിച്ചു എന്ന് ഒരു പരാതിയുമില്ല. പ്രശ്നങ്ങൾ ഉണ്ടാക്കിയ ക്രിമിനലുകളെയാണ് സർക്കാർ അറസ്റ്റ് ചെയ്തത്. ചിത്തിര ആട്ട സമയത്ത് പ്രശ്നം ഉണ്ടാക്കിയവർ തന്നെ മണ്ഡലകാലത്തും എത്തി. തെളിവായുള്ള ദൃശ്യങ്ങളും മാധ്യമ റിപ്പോർട്ടുകളും സർക്കാർ കോടതിയിൽ ഹാജരാക്കി.

നടപ്പന്തലില്‍ വിരിവയ്ക്കാന്‍ അനുവദിക്കാത്തത് പ്രത്യേക സാഹചര്യം മൂലമാണ്. ഭക്തർ കിടക്കാതിരിക്കാനാണ് നടപ്പന്തലിൽ വെളളമൊഴിച്ചതെന്ന ആരോപണം തെറ്റാണ്. നടപ്പന്തൽ പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാൻ ആവില്ല. ഇവിടെ പ്രശ്നമുണ്ടായാൽ എല്ലാ വഴികളും അടയുമെന്നും സർക്കാർ വ്യക്തമാക്കി. ശബരിമലയിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെപ്പറ്റി ദേവസ്വം ബോർഡ്‌ സത്യവാങ്‌മൂലം നൽകി. സത്യവാങ്മൂലം വൈകി സമർപ്പിച്ചതിൽ അതൃപ്തി അറിയിച്ചു. രേഖകൾ സമ്പാദിക്കാനുണ്ടായ കാലതാമസമാണെന്ന് എ.ജി അറിയിച്ചു.

ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യങ്ങളുണ്ടന്ന് നിരീക്ഷിച്ച കോടതി സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരണമെന്ന് സർക്കാരിന് നിർദേശം നൽകി. ഹരജികള്‍ അതിനിടെ ദേവസ്വം ബോർഡിന്റെ ഫണ്ട് കോടതി അനുമതിയില്ലാതെ ചിലവഴിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകി.

Similar Posts