ഒന്നിന് പിറകെ ഒന്നായി കേസുകൾ; താന്‍ പോലുമറിയാതെ 5 കേസിൽ കുടുങ്ങി മലയാളി യുവാവ്
|തട്ടിപ്പുകാർ ആളെ വലയിലാക്കാൻ ഇബ്രാഹിമിന്റെ തിരിച്ചറിയൽ കാർഡും ഫേസ്ബുക്കിലെ പ്രൊഫൈൽ ചിത്രവും ഉപയോഗിച്ചതാണ് ഈ യുവാവിനെ വെട്ടിലാക്കിയത്
താൻ പോലും അറിയാതെ യു.എ.ഇയിൽ അഞ്ച് തട്ടിപ്പു കേസുകളിലെ പ്രതിയായി മാറിയതിന്റെ ഞെട്ടലിലാണ് കാസർകോട് പരപ്പ സ്വദേശി ഇബ്രാഹിം. തട്ടിപ്പുകാർ ആളെ വലയിലാക്കാൻ ഇബ്രാഹിമിന്റെ തിരിച്ചറിയൽ കാർഡും ഫേസ്ബുക്കിലെ പ്രൊഫൈൽ ചിത്രവും ഉപയോഗിച്ചതാണ് ഈ യുവാവിനെ വെട്ടിലാക്കിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പോകവെ വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ പിടികൂടുമ്പോഴാണ് തന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ആരോ തട്ടിപ്പ് നടത്തി എന്ന വിവരം ഇബ്രാഹിം അറിയുന്നത്. പ്രമുഖ ഹൈപ്പർമാർക്കറ്റിന്റെ പേരിൽ വൻതുകയുടെ ഭാഗ്യസമ്മാനം അടിച്ചിട്ടുണ്ടെന്ന് ആളുകളെ വാട്ട്സ് ആപ്പിലൂടെ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയിരിക്കുന്നത്. ഇരകളെ വിശ്വസിപ്പിക്കാൻ തട്ടിപ്പുകാർ നൽകിയത് ഇബ്രാഹിമിന്റെ തിരിച്ചറിയൽ കാർഡ് പകർപ്പും ചിത്രവുമാണ്. ഒരു കേസിൽ ഇബ്രാഹിമിന്റെ നിരപരാധിത്വം ബോധ്യപ്പെട്ട് പൊലീസ് വിടുതൽ നൽകി. പക്ഷെ, പിന്നാലെ കേസുകൾ ഓരോന്നായി വീണ്ടുമെത്തി. സഹോദരൻമാരുടെ പാസ്പോർട്ടുകൾ ജാമ്യം വെച്ചാണ് പലപ്പോഴും പുറത്തിറങ്ങുന്നത്.
നിശ്ചയിച്ച സ്വന്തം വിവാഹത്തിന് പോലും നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ ഷാർജയിൽ തസ്ഹീൽ സേവനകേന്ദ്രം ജീവനക്കാരനായ ഇബ്രാഹിം. അറബി അറിയുന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥരെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ കഴിയുന്നുണ്ട്. പക്ഷെ, വലിയ തട്ടിപ്പായതിനാൽ കേസ് ഒഴിവാക്കുന്നത് അത്ര എളപ്പമല്ല. ഒന്നിനുപിറകെ ഒന്നായി കേസുകൾ വേട്ടയാടുന്നതിനാൽ സർക്കാർ തലത്തിൽ ഇടപെടൽ തേടുകയാണ് ഇബ്രാഹിം. ഇനിയും പലരും ഇത്തരത്തിൽ കുടുങ്ങാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകുന്നു ഈ യുവാവ്.