പി.കെ ശശിക്കെതിരായ പരാതിയിൽ നടപടി തീരുമാനം സി.പി.എം വീണ്ടും നീട്ടി
|സഭയിൽ പ്രതിപക്ഷം ശശി വിഷയം ആയുധമാക്കുമോ എന്ന ആശങ്കയും തീരുമാനത്തിന് പിന്നിലുണ്ട്. എന്നാൽ ശശിക്കെതിരെ കടുത്ത നടപടി ഉണ്ടാകാൻ സാധ്യതയില്ല.
ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ പരാതിയിൽ നടപടി തീരുമാനം സി.പി.എം വീണ്ടും നീട്ടി. ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റിയും വിഷയം ചർച്ച ചെയ്തില്ല. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടി കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ച് നടപടിയെടുത്തേക്കും.
ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.കെ ശശിക്കെതിരായ നടപടി തീരുമാനിക്കുമെന്നായിരിന്നു കരുതിയിരുന്നത്. എന്നാൽ ഷൊർണൂർ മണ്ഡലത്തിൽ ശശി നയിക്കുന്ന ജാഥക്കിടെ നടപടിയെടുക്കുന്നത് ഉചിതമാകില്ല എന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ടായി. യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കമ്മീഷൻ നിഗമനം കൂടി കണക്കിലെടുത്താൽ നടപടി ഒഴിവാക്കാനുമാകില്ല. ഈ സാഹചര്യത്തിലാണ് പി.കെ ശശിയുടെ കാൽനട പ്രചരണ ജാഥ തീരുന്നതിന്റെ പിറ്റേ ദിവസം സംസ്ഥാന കമ്മിറ്റി വീണ്ടും ചേരാൻ സി.പി.എം തീരുമാനിച്ചത്.
27ന് നിയമസഭ കൂടി ആരംഭിക്കുന്ന സാഹചര്യത്തിൽ അതിന് മുന്നോടിയായി ശശിക്കെതിരെ നടപടിയെടുക്കാമെന്ന ധാരണ നേതൃത്വത്തിലുണ്ടായത് കൊണ്ട് കൂടിയാണ് 26ന് സംസ്ഥാന കമ്മിറ്റി വിളിച്ചിരിക്കുന്നത്. സഭയിൽ പ്രതിപക്ഷം ശശി വിഷയം ആയുധമാക്കുമോ എന്ന ആശങ്കയും തീരുമാനത്തിന് പിന്നിലുണ്ട്. എന്നാൽ ശശിക്കെതിരെ കടുത്ത നടപടി ഉണ്ടാകാൻ സാധ്യതയില്ല.
നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ മറ്റൊരു ഘടകത്തിലേക്ക് തരംതാഴ്ത്തിയേക്കും. തനിക്കെതിരായ പരാതി പുറത്ത് വന്നതിൽ ഗൂഢാലോചനയുണ്ടെന്ന് ശശി ആരോപിച്ചിരിന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശി നൽകിയ പരാതിയിലും ചിലർക്കെതിരെ നടപടി ഉണ്ടായേക്കും.