Kerala
പീഡന പരാതി: കന്യാസ്ത്രീ മഠത്തിന് അധിക സുരക്ഷ; പൊലീസ് നിര്‍ദേശം തള്ളി മിഷണറീസ് ഓഫ് ജീസസ്
Kerala

പീഡന പരാതി: കന്യാസ്ത്രീ മഠത്തിന് അധിക സുരക്ഷ; പൊലീസ് നിര്‍ദേശം തള്ളി മിഷണറീസ് ഓഫ് ജീസസ്

Web Desk
|
23 Nov 2018 1:24 PM GMT

മഠത്തിലെ മുഴവൻ സി.സി.ടി.വികളും പ്രവർത്തനക്ഷമാക്കണം, പൊലീസിന് ഗാർഡ് റൂമിനായി മുറി അനുവദിക്കണം, എന്നിങ്ങനെ 13 സുരക്ഷ നിർദ്ദേശങ്ങളാണ് പൊലീസ് നൽകിയത്

ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീ താമസിക്കുന്ന മഠത്തിന് അധിക സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പൊലീസ് നൽകിയ നിർദ്ദേശം തള്ളി മിഷണറീസ് ഓഫ് ജീസസ്. നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള സാമ്പത്തിക ശേഷയില്ലെന്ന് മദർ സുപ്പീരിയർ ജനറൽ പൊലീസിനെ അറിയിച്ചു. മഠത്തിൽ സുരക്ഷ കുറവാണെങ്കിൽ കന്യാസ്ത്രീകളെയും സാക്ഷികളെയും സർക്കാർ ഹോമുകളിലേയ്ക്ക് മാറ്റാമെന്നും അറിയിച്ചിട്ടുണ്ട്.

ജലന്ധർ രൂപതയിലെ വൈദികന്റെ ദുരൂഹ മരണത്തിന്റെ പശ്ചാത്തലത്തിലാണ് മഠത്തിന് കൂടുതൽ സുരക്ഷ ഒരുക്കാൻ പൊലീസ് നിർദ്ദേശിച്ചത്. മഠത്തിലെ മുഴവൻ സി.സി.ടി.വികളും പ്രവർത്തനക്ഷമാക്കണം, പൊലീസിന് ഗാർഡ് റൂമിനായി മുറി അനുവദിക്കണം, എന്നിങ്ങനെ 13 സുരക്ഷ നിർദ്ദേശങ്ങളാണ് പൊലീസ് നൽകിയത്. എന്നാൽ ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ അസൗകര്യങ്ങളുണ്ടെന്നാണ് മിഷണറീസ് ഓഫ് ജീസസിന്റെ നിലപാട്.

നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള സാമ്പത്തിക ശേഷയും അധികാരവും തങ്ങൾക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടി മദർ സുപ്പീരിയർ ജനറൽ പൊലീസ് കത്ത് നൽകി. പൊലീസിന്റെ നിർദ്ദേശങ്ങളിൽ ചിലത് മഠത്തിലെ സന്യാസിനികളുടെ സ്വകാര്യതയെ ബാധിക്കുന്നതാണ്. കന്യാസ്ത്രീക്കും കേസിലെ സാക്ഷികൾക്കും മഠത്തിൽ സുരക്ഷ ഭീഷണിയുണ്ടെന്ന് പൊലീസ് കരുതുന്നുവെങ്കിൽ അവരെ സർക്കാർ ഹോമുകളിലേയ്ക്ക് മാറ്റുന്നതിൽ തടസമില്ലെന്നാണ് മദർ സുപ്പീരിയർ ജനറൽ നല്‍കിയ മറുപടിയില്‍ പറയുന്നു.

പൊലീസിന്റെ നിർദ്ദേശം നടപ്പിലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ ഇക്കാര്യത്തിലുള്ള നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീക്ക് പൊലീസ് കത്ത് നൽകിയിട്ടുണ്ട്.

Similar Posts