Kerala
പ്രതീക്ഷയറ്റു; പ്രീത ഷാജിയും കുടുംബവും ഇനി പെരുവഴിയില്‍
Kerala

പ്രതീക്ഷയറ്റു; പ്രീത ഷാജിയും കുടുംബവും ഇനി പെരുവഴിയില്‍

Web Desk
|
23 Nov 2018 11:03 AM GMT

നിയമപോരാട്ടത്തിലായിരുന്നുവെങ്കിലും ഇതുവരെ കയറി കിടക്കാൻ പേരിനെങ്കിലും ഒരു വീടുണ്ടായിരുന്നു. ഇന്ന് മുതൽ പെരുവഴിയിലാണ് താമസം. 

കുടിശ്ശികയുടെ പേരിൽ ബാങ്ക് ലേലം ചെയ്തു വിറ്റ വീടിന്റെ താക്കോൽ എറണാകുളം മാനാടത്തു പാടം സ്വദ്വേശി പ്രീതാ ഷാജിയും കുടുംബവും വില്ലേജ് ഓഫീസർക്ക് കൈമാറി. കോടതി നിർദേശത്തെ തുടർന്നാണ് താക്കോൽ കൈമാറിയത്. സുഹൃത്തിന് രണ്ടുലക്ഷം രൂപ വായ്പയെടുക്കാനാണ് പ്രീതാ ഷാജിയും കുടുംബവും 24 കൊല്ലം മുമ്പ് ജാമ്യം നിന്നത്.

നിയമപോരാട്ടത്തിലായിരുന്നുവെങ്കിലും ഇതുവരെ കയറി കിടക്കാൻ പേരിനെങ്കിലും ഒരു വീടുണ്ടായിരുന്നു. ഇന്ന് മുതൽ പെരുവഴിയിലാണ് താമസം. വീടും സ്ഥലവും വിറ്റ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ നടപടികളെ ചോദ്യം ചെയ്ത് പ്രീതാ ഷാജിയും കുടുംബവും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അപ്പീൽ പരിഗണിക്കണമെങ്കിൽ കിടപ്പാടം ഒഴിയണമെന്ന മുൻ ഉത്തരവ് നടപ്പാവണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് കുടുംബം വീടിന്റെ താക്കോൽ കൈമാറിയത്. വീട് ഏറ്റെടുത്ത വിവരവും താക്കോലും നാളെ തൃക്കാക്കര വില്ലേജ് ഓഫീസർ ഹൈക്കോടതിയിൽ സമർപ്പിക്കും.

26ന് പ്രീതാ ഷാജിയുടെ അപ്പീലും ഒഴിപ്പിക്കൽ നടപ്പായില്ലെന്ന കോടതിയലക്ഷ്യ ഹരജിയും ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും. രണ്ടു ലക്ഷം രൂപ വായ്പയെടുക്കാൻ സുഹൃത്തിനായി പ്രീതാ ഷാജിയുടെ കുടുംബം 1994 ലാണ് ജാമ്യം നിന്നത്. അതിന്റെ പേരിൽ വന്ന 2 കോടി 70 ലക്ഷം രൂപയുടെ കുടിശ്ശിക ഈടാക്കാനാണ് ജപ്തി.

Similar Posts