പിള്ളയുടെ നാക്ക് പിഴക്ക് ആർ.എസ്.എസിന്റെ താക്കീത്
|വാർത്താ സമ്മേളനങ്ങളിൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തിയ ബി.ജെ.പി പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളക്ക് ആര്‍.എസ്.എസിന്റെ താക്കീത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ആര്‍ .എസ്. എസ് നിര്‍ദേശം നല്‍കി. ശബരിമല സമരത്തെച്ചൊല്ലി ബി.ജെ. പിയില്‍ രൂപപ്പെട്ട ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ആര്‍.എസ്. എസിന്റെ നടപടി. കെ.സുരേന്ദ്രന്റെ അറസ്റ്റ് മുന്‍നിര്‍ത്തി ശ്രീധരന്‍ പിള്ളക്കെതിരെ മറുവിഭാഗം നീക്കം ശക്തമാക്കിയിട്ടുണ്ട്.
പി.എസ് ശ്രീധരന്‍ പിള്ളയെ പ്രസിഡന്റായി നിയമിച്ചതിന് പിന്നാലെ കേന്ദ്ര നേതൃത്വം ശക്തമായി ഇടപെട്ട് തടഞ്ഞ വിഭാഗീയതയാണ് ബി.ജെ.പിയിൽ വീണ്ടും തലപൊക്കുന്നത്. ശബരിമല സമരം കൈകാര്യം ചെയ്തതാണ് ബി.ജെ.പിയിലെ ചേരിപ്പോര് ഇപ്പോള്‍ രൂക്ഷമാക്കിയത്. ശബരിമലയിലെ യുവതീ പ്രവേശന സമരത്തിൽ ബി.ജെ.പിയെ നിശബ്ദമാക്കിയെന്നും സംഘ്പരിവാർ നേതൃത്വത്തിൽ നടന്ന സമരത്തെ ശ്രീധരൻ പിള്ള വ്യക്തിപരമായ നേട്ടമാക്കി മാറ്റിയെന്നുമാണ് മറുപക്ഷത്തിന്റെ ആക്ഷേപം.
സമര കേന്ദ്രങ്ങളിൽനിന്ന് ബി.ജെ.പി നേതാക്കളെ ഒഴിവാക്കി നിർത്താൻ സംഘപരിവാറിനെ പ്രസിഡന്റ് മറയാക്കി. കെ.സുരേന്ദ്രന്റെ അറസ്റ്റ് പാർട്ടിക്ക് ഗുണകരമാകുന്ന രീതിയിൽ ഉപയോഗിക്കാന്‍ പ്രസിഡന്റ് അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. കെ. സുരേന്ദ്രന്റെ അറസ്റ്റും ജയിൽ മോചനവും ആഘോഷമാക്കാനും ശ്രീധരന്‍ പിള്ള വിരുദ്ധര്‍ ആലോചന തുടങ്ങിയിട്ടുണ്ട്. പ്രമുഖ നേതാക്കള്‍ കെ. സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ തായാറായിട്ടില്ല. ഇതും ഔദ്യോഗിക വിഭാഗത്തിനെതിരെ ആയുധമാക്കും.
ഇതിനിടെയാണ് കൈവിട്ട പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് ശ്രീധരന്‍ പിള്ളക്ക് ആര്‍.എസ്.എസ് താക്കീത് നല്‍കിയത്. പ്രസ്താവനകള്‍ പരിഹാസ്യമായി മാറുന്നുവെന്ന് വിലയിരുത്തിയ ആര്‍. എസ്.എസ് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതും ചേരിപ്പോരിന് ആക്കം കൂട്ടും.