Kerala
കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തില്‍ മൗനം പാലിച്ച് സർക്കാർ
Kerala

കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തില്‍ മൗനം പാലിച്ച് സർക്കാർ

Web Desk
|
28 Nov 2018 7:29 AM GMT

ജലീലിന്റെ ബന്ധു കെ. ടി അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയില്ല.

മന്ത്രി കെ. ടി ജലീലിനെതിരെ ഉയർന്ന ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മൗനം പാലിച്ച് സർക്കാർ. ജലീലിന്റെ ബന്ധു കെ. ടി അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയില്ല. വരും ദിവസങ്ങളിൽ സഭയിൽ വിഷയം ഉയർത്തിക്കൊണ്ട് വരാനാണ് പ്രതിപക്ഷ തീരുമാനം.

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് ബന്ധു കെ.ടി അദീബിനെ നിയമിച്ചത് വിവാദമായതോടെയാണ് ജലീൽ കുരുക്കിലായത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിയമനം നടത്തിയതെന്ന രേഖകൾ പുറത്ത് വന്നതിന് പിന്നാലെ അദീബ് സ്ഥാനം ഒഴിഞ്ഞെങ്കിലും നിയമസഭയിൽ വിഷയം സജീവമാക്കാനായിരുന്നു പ്രതിപക്ഷ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് വി.ടി ബൽറാം, സണ്ണി ജോസഫ്, മഞ്ഞളാംകുഴി അലി എന്നിവർ അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളായി പ്രതിപക്ഷം ഉന്നയിച്ചത്.

അദീബിന്റെ നിയമനം വിദഗ്ദ സമിതി ശിപാർശ പ്രകാരമാണോ? അങ്ങനെയെങ്കിൽ അതിനുള്ള സാഹചര്യമെന്ത്? സർക്കാർ സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന്റെ മാനദണ്ഡങ്ങൾ എന്ത്? സൗത്ത് ഇന്ത്യൻ ബാങ്കിലെ ജീവനക്കാരനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാമോ തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.എന്നാൽ അതുമായി ബന്ധപ്പെട്ട ഒരു ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല .എന്നാൽ നക്ഷത്രചിഹ്നമിട്ട ചോദ്യമായി ഇതെല്ലാം ഉന്നയിച്ചിരുന്നെങ്കിൽ മറുപടി നൽകാതെ ഒഴിഞ്ഞ് മാറാൻ സർക്കാരിന് കഴിയുമായിരുന്നില്ല. പക്ഷെ വരും ദിവസങ്ങളിൽ സഭയ്ക്കുള്ളിൽ ശൂന്യവേളയിൽ ,അടിയന്തര പ്രമേയമായോ,സബ്മിഷനായോ പ്രതിപക്ഷം വിഷയം ഉന്നയിച്ചേക്കും.

Similar Posts