ദീപാ നിഷാന്തിനെതിരെ സാഹിത്യ മോഷണാരോപണം; മോഷ്ടിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച കവിത
|കേരള വര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് സാഹിത്യ മോഷണം നടത്തിയതായി ആരോപണം. യുവ കവിയായ എസ്.കലേഷിന്റെ കവിത ചെറിയ മാറ്റങ്ങളോടെ സ്വന്തം പേരില്‍ അദ്ധ്യാപകരുടെ മുഖപുസ്തകത്തിലാണ് പ്രസിദ്ധീകരിച്ചത്.
കലേഷ് 2011ല്‍ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിതയോട് സാമ്യമുള്ള രചനയാണ് ദീപ നിശാന്തിന്റേതായി എകെപിസിറ്റി മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദീപ നിശാന്തിന്റെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേ സമയം താന്‍ വളരെ നാളുകള്‍ക്ക് മുമ്പ് എഴുതിയ കവിതയാണ് അതെന്നും തെളിവില്ലാത്തതിനാല്‍ നിസ്സഹായ ആണെന്നും ദീപ നിശാന്ത് പറയുന്നു.
‘2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതി തീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ അഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരൻ കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. AKPCTA യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ!’; കലേഷ് ഫേസ്ബുക്കിലൂടെ പറയുന്നു.
അതേ സമയം ഇതിന് മുമ്പും ദീപാ നിഷാന്തിനെതിരെ ഇതിന് സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. എഴുത്തുകാരനായ അജിത്കുമാര്‍ ആര്‍. എഴുതിയ ഒറ്റതുള്ളി പെയ്ത്ത് എന്ന തലക്കെട്ട് ഒറ്റമര പെയ്ത്ത് എന്ന പേരില്‍ സ്വന്തം കൃതിക്ക് പേര് നല്‍കിയത് അന്ന് തന്നെ എഴുത്തുകാരനായ അജിത്കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.