ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ 48 കാരി പ്രതിഷേധത്തെതുടര്‍ന്ന് മടങ്ങി
|ശബരിമലയിലെ പൊലീസ് നിരോധനാജ്ഞ നീട്ടി. ഇന്ന് അര്‍ധരാത്രി അവസാനിക്കുന്ന നിരോധനാജ്ഞ ഡിസംബര്‍ 4 വരെയാണ് നീട്ടിയത്.
ശബരിമല ദര്‍ശനത്തിനെത്തിയ 48 വയസ്സുള്ള ആന്ധ്രാ സ്വദേശിനി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. ആന്ധ്രാ പ്രദേശ് സ്വദേശിയായ ഉഷയാണ് പമ്പയിലെത്തിയത്. ഇവരുടെ പക്കല്‍ ഇരുമുടിക്കെട്ട് ഇല്ല. തനിക്ക് പതിനെട്ടാംപടി കയറേണ്ടതില്ലെന്നും എന്നാല്‍ സന്നിധാനത്ത് പ്രവേശിക്കുകയും വേണമെന്നും ഉഷ പറഞ്ഞാണ് ഇവരെത്തിയിരുന്നത്.
കുടുംബത്തോടൊപ്പമാണ് ഇവര്‍ വന്നത്. അയ്യപ്പനെ കാണണമെന്നില്ലെന്നും എന്നാല്‍ കുടുംബത്തോടൊപ്പം സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കണമെന്നും ആദ്യം അവര്‍ പറഞ്ഞിരുന്നു. പിന്നീട് പ്രതിഷേധമുണ്ടാകുമെന്ന് ഭയന്ന് മടങ്ങുകയായിരുന്നു.
ഇന്ന് തീർത്ഥാടകരുടെ എണ്ണത്തില്‍ വർധനയുണ്ട്. വൈകീട്ട് അഞ്ചുമണിവരെ 42,507 പേർ മലകയറി. നാളെ നടക്കുന്ന അവലോകനയോഗത്തിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് സന്നിധാനത്തെത്തും.
സീസണിലെ മറ്റ് ദിനങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ന് രാവിലെ മുതല്‍ തന്നെ തീർത്ഥാടകരുടെ തിരക്കുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പൊലീസിന്റെ രണ്ടാമത്തെ സംഘം ഇന്ന് സേവനത്തിനിറങ്ങി. സന്നിധാനത്ത് 1500 പേരാണ് ഉള്ളത്. കഴിഞ്ഞ സംഘത്തിനെക്കാൾ മുന്നൂറ് പേർ കൂടുതൽ. നിലയ്ക്കലിൽ 800 പേരുമുണ്ട്. നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്നിധാനത്ത് സേനാ ബലം വർധിപ്പിച്ചത്.
ശബരിമലയിലെ പൊലീസ് നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. ഇന്ന് അര്‍ധരാത്രി അവസാനിക്കുന്ന നിരോധനാജ്ഞ ഡിസംബര്‍ 4 വരെയാണ് നീട്ടിയത്. സന്നിധാനം, പമ്പ, നിലക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലും നിരോധനാജ്ഞ തുടരും.