Kerala
ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കരാർ  നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് സി.എ.ജി
Kerala

ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കരാർ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് സി.എ.ജി

Web Desk
|
30 Nov 2018 12:05 PM GMT

കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെയും സുപ്രീം കോടതിയുടേയും മാനദണ്ഡങ്ങള്‍ മറികടന്നാണ് സൊസൈറ്റിക്ക് കരാര്‍ നല്‍കിയതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ടെണ്ടര്‍ വിളിക്കാതെ ഏകപക്ഷീയമായി കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് സി.എ.ജി. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെയും സുപ്രീം കോടതിയുടേയും മാനദണ്ഡങ്ങള്‍ മറികടന്നാണ് സൊസൈറ്റിക്ക് കരാര്‍ നല്‍കിയതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആനക്കൊമ്പ് കേസിൽ പ്രമുഖ നടനെ രക്ഷിക്കാൻ വനം വകുപ്പ് ചട്ടം ലംഘിച്ചെന്ന് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.

ധനകാര്യവകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചും ടെണ്ടര്‍ വിളിക്കാതെയും 809.93 കോടിയുടെ പൊതുമരാമത്ത് കരാറാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് സൂക്ഷിക്കുന്നതില്‍ നിന്ന് ഒഴിവാക്കി കൊടുത്ത് കരാറുകാരന് അനര്‍ഹമായ ആനുകൂല്യം നേടിക്കൊടുത്തതായി സി.എ.ജി കണ്ടെത്തി. 2.16 കോടിയുടെ ബാങ്ക് ഗ്യാരണ്ടി ഈടാക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് പറയുന്ന സി.എ.ജി പ്രവര്‍ത്തി ഇനങ്ങളില്‍ മാറ്റം വരുത്തിയത് വഴി സര്‍ക്കാരിന് സാന്പത്തിക ബാധ്യത ഉണ്ടാക്കിയതായും വ്യക്തമാക്കുന്നുണ്ട്. കരാര്‍ നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നും കണ്ടെത്തി. സര്‍ക്കാരിന്‍റെയും, സുപ്രീംകോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്‍റെ ഉത്തരവാദിത്വം നിശ്ചയിക്കുന്നതിനായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും സി.എ.ജി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നടന്‍ മോഹന്‍ലാലിനെതിരേയും സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ആനക്കൊമ്പ് കേസിൽ പ്രമുഖ നടനെ രക്ഷിക്കാൻ വനം വകുപ്പ് ചട്ടം ലംഘിച്ചെന്ന‌ും, നടനു മാത്രമായി പ്രത്യേക ഉത്തരവിറക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെക്ഷൻ 40 (4) ലംഘിച്ചാണ് ഉത്തരവിറക്കിയത്. എന്നാല്‍ സമാന കുറ്റം ചെയ്ത മറ്റുള്ളവർക്ക് ഈ ഉത്തരവ് ബാധകമാക്കിയില്ല. ഇവർ കേസ് നേരിടുകയാണെന്നുമാണ് സി.എ.ജി കണ്ടെത്തല്‍.

Similar Posts