പാരിസ് ആക്രമണം: മലയാളിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പൊലീസ് സംഘം കേരളത്തില്‍
|പാരിസ് ഭീകരാക്രമണ കേസിൽ ആയുധപരിശീലനം ലഭിച്ചതായി സംശയിക്കുന്ന തൊടുപുഴ സ്വദേശിയായ മലയാളിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പൊലീസ് സംഘം കേരളത്തിലെത്തി
130 പേർ കൊല്ലപ്പെട്ട 2015ലെ പാരിസ് ഭീകരാക്രമണ കേസിൽ ആയുധപരിശീലനം ലഭിച്ചതായി സംശയിക്കുന്ന തൊടുപുഴ സ്വദേശിയായ മലയാളിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പൊലീസ് സംഘം കേരളത്തിലെത്തി. കനകമല ഐ.എസ് കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്യാനാണ് ഫ്രഞ്ച് അന്വേഷണ സംഘം കേരളത്തിലെത്തിയത്. ഐഎസ് ബന്ധം ആരോപിക്കപ്പെട്ട് കണ്ണൂർ കനകമലയിൽ പിടിയിലായ ജാസിം എൻ.കെ സുബ്ഹാനി ഹാജ മൊയ്തീനെ ഫ്രഞ്ച് സംഘം ചോദ്യം ചെയ്യും.
ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുബ്ഹാനിക്ക് 2015ലെ പാരിസ് ആക്രമണത്തിൽ പങ്കെടുത്തവരോടൊപ്പം വിദേശ പരിശീലനം ലഭിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പാരിസ് ആക്രമണത്തില്‍ പിടിയിലായ സലാഹ് അബ്ദുല്‍ സലാമിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സുബ്ഹാനിയെ കുറിച്ച് ഫ്രഞ്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.
ഇതിനെ തുടർന്നാണ് അന്വേഷണസംഘം ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിൽ എത്തിയത്. ഇത് ആദ്യമായാണ് ഭീകരാക്രമണത്തിന്റെ അന്വേഷണത്തിനായി ഒരു യൂറോപ്യന്‍ അന്വേഷണ ഏജന്‍സി ഇന്ത്യയിലെത്തുന്നത്. മൂന്ന് ദിവസങ്ങളിലായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.