മൊബൈല്‍ ആപ്പുകള്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പ്: പിന്നില്‍ ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചുള്ള സംഘം
|പണമിടപാടുകള്‍ക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ബാങ്ക് അക്കൌണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്താണ് തട്ടിപ്പ് നടത്തുന്നത്
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് നടത്തിയ സംഘത്തിന്റെ ഉറവിടം സൈബര്‍ഡോം കണ്ടെത്തി. ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായുള്ള മൊബൈല്‍ യു.പി.എ ആപ്ളിക്കേഷനുകളുടെ മറവിലാണ് തട്ടിപ്പ് നടക്കുന്നത്. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പണമിടപാടുകള്‍ക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ബാങ്ക് അക്കൌണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്താണ് തട്ടിപ്പ് നടത്തുന്നത്. അക്കൌണ്ട് ഉടമകള്‍ അറിയാതെ പ്രതിദിനം ഇത്തരത്തില്‍ ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാന്‍ സാധിക്കും. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ജാര്‍ഖണ്ഡ് പൊലീസിന് കൈമാറി.
ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്താലും തട്ടിപ്പുകള്‍ നടത്താനാകും. അക്കൌണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയാണ് ഏക പരിഹാരമാര്‍ഗം. ആപ്പുകളുടെ സുരക്ഷാ ന്യൂനതകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അക്കൌണ്ടുമായ ബന്ധിപ്പിച്ച മൊബൈല്‍ നന്പറുകളിലേക്ക് ആദ്യം മെസേജ് ആയക്കും. ആ സന്ദേശം മറ്റൊരു നന്പരിലേക്ക് അയക്കാന്‍ ആവശ്യപ്പെടും. പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഒ.റ്റി.പ്പി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്.