Kerala
ലോക്സഭ തെരഞ്ഞെടുപ്പ്; പ്രവര്‍ത്തകരുടെ സാമൂഹ്യമാധ്യമ ഇടപെടലുകളെ നിയന്ത്രിക്കാനൊരുങ്ങി കെ.പി.സി.സി
Kerala

ലോക്സഭ തെരഞ്ഞെടുപ്പ്; പ്രവര്‍ത്തകരുടെ സാമൂഹ്യമാധ്യമ ഇടപെടലുകളെ നിയന്ത്രിക്കാനൊരുങ്ങി കെ.പി.സി.സി

Web Desk
|
10 Jan 2019 2:32 AM GMT

സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാനാണ് നീക്കം.

ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങവെ നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും സാമൂഹ്യമാധ്യമ ഇടപെടലുകളെ നിയന്ത്രിക്കാനൊരുങ്ങി കെ.പി.സി.സി. സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാനാണ് നീക്കം. ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ ശശി തരൂര്‍ കെ.പി.സി.സി അധ്യക്ഷന് കൈമാറി. പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയാണ് സെല്‍ കണ്‍വീനര്‍.

കഴിഞ്ഞ മാസമാണ് കെ.പി.സി.സിയുടെ ഡിജിറ്റല്‍ മീഡിയ സെല്‍ തലവനായി ശശി തരൂര്‍ എം.പി എത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ഡിജിറ്റര്‍ മീഡിയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് നിരവധി നിര്‍ദേശങ്ങളാണ് ശശി തരൂര്‍ മുന്നോട്ട് വച്ചിട്ടുള്ളത്. സാമൂഹ്യ മാധ്യമങ്ങളിലെ നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും ഇടപെടലുകള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്നതാണ് നിര്‍ദേശങ്ങളില്‍ മുഖ്യം. ഇക്കാര്യങ്ങളില്‍ കെ.പി.സി.സി അധ്യക്ഷന്റെ നിര്‍ദേശപ്രകാരം ശശി തരൂര്‍ എം.പി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ലംഘിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പാര്‍ട്ടിക്കുള്ളിലെ വിഷയങ്ങള്‍ പുറത്തെത്തിക്കുകയും അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നത് തടയുകയാണ് കെ.പി.സി.സിയുടെ ലക്ഷ്യം. നിലപാടുകള്‍ക്ക് വിരുദ്ധമായ പോസ്റ്റുകളിട്ട് പാര്‍ട്ടിയെ പ്രിതിരോധത്തിലാക്കുന്ന സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായവര്‍ക്ക് കൂച്ചുവിലങ്ങിടുന്നത് കൂടിയാകും കെ.പി.സി.സി നീക്കം.

Related Tags :
Similar Posts