ജെ.എസ്.എസ് രാജൻ ബാബു വിഭാഗം എന്.ഡി.എ വിട്ടു
|ഗൗരിയമ്മയുടെ നേതൃത്വത്തിൽ ജെ.എസ്.എസ് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് രാജൻ ബാബു
ജെ.എസ്.എസ് രാജൻ ബാബു വിഭാഗം എന്.ഡി.എ വിട്ടു. മുന്നണിയിൽ അർഹമായ പരിഗണന ലഭിക്കാഞ്ഞതിനെത്തുടർന്നാണ് ഈ തീരുമാനം എടുത്തതെന്ന് രാജൻ ബാബു പറഞ്ഞു. ഗൗരിയമ്മയുടെ നേതൃത്വത്തിൽ ജെ.എസ്.എസ് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ട് വർഷം നീണ്ടു നിന്ന സഖ്യം അവസാനിപ്പിച്ചാണ് ജെ.എസ്.എസ് രാജൻ ബാബു വിഭാഗം എന്.ഡി.എ വിട്ട് പുറത്തേക്ക് വരുന്നത്. എന്.ഡി.എ വിട്ടു പോരണമെന്ന് ഗൗരിയമ്മയും ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ നിലനിൽപ്പിന് മുന്നണി മാറ്റം അനിവാര്യമാണെന്നും, മുമ്പ് നടത്തിയ മുന്നണി മാറ്റങ്ങൾ ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്.ഡി.എ യ്ക്ക് അടുത്ത കാലത്തൊന്നും പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയില്ലെന്നും രാജൻ ബാബു അഭിപ്രായപ്പെട്ടു. ഇനി ഏത് മുന്നണിയുമായി സഹകരിക്കണം എന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെന്നും, ഇത് സംബന്ധിച്ച് പാർട്ടിയിൽ ചർച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.