സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപെടുത്തുന്നുവെന്ന് പേരാമ്പ്ര മഹല്ല് കമ്മറ്റി
|വാട്സ് ഗ്രൂപ്പുകളിലൂടെ ഭീഷണിപെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നുവെന്നാണ് പേരാമ്പ്ര ജുമാമസ്ജിദ് പ്രസിഡന്റ് എം.കെ.സി കുട്ട്യാലി നല്കിയ പരാതിയില്‍ പറയുന്നത്.
സി.പി.എം - ലീഗ് സംഘര്‍ഷത്തിനിടെ കല്ലേറുണ്ടായ പേരാമ്പ്ര ജുമാമസ്ജിദ് പള്ളി കമ്മറ്റി വീണ്ടും പരാതിയുമായി രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നതായി കാണിച്ച് പേരാമ്പ്ര പോലീസില്‍ പള്ളി കമ്മറ്റി പരാതി നല്കി. സി.പി.എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമെതിരെയാണ് പരാതി.
വാട്സ് ഗ്രൂപ്പുകളിലൂടെ ഭീഷണിപെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നുവെന്നാണ് പേരാമ്പ്ര ജുമാമസ്ജിദ് പ്രസിഡന്റ് എം.കെ.സി കുട്ട്യാലി നല്കിയ പരാതിയില്‍ പറയുന്നത്. പള്ളിക്ക് നേരെ ഉണ്ടായ കല്ലേറ് കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഭീഷണികള്‍ ആരംഭിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വാട്സ് അപ് പോസ്റ്റുകളും ഓഡിയോയും തെളിവായി പൊലീസിന് കൈമാറി.
കുഞ്ഞ്മുഹമ്മദ് കൂരാച്ചുട്ട് എന്നയാളുടെ പേരും പരാതിയില്‍ എടുത്തു പറയുന്നു. മഹല്ല് പ്രസിഡന്റ് നല്കിയ പരാതിയില്‍ പൊലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കമ്മറ്റി വ്യക്തമാക്കി. പരാതി നിയമോപദേശം തേടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയെന്നാണ് പേരാമ്പ്ര പൊലീസിന്റെ വിശദീകരണം.