Kerala
പൊലീസിനെതിരെ എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് സമരത്തിലേക്ക്
Kerala

പൊലീസിനെതിരെ എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് സമരത്തിലേക്ക്

Web Desk
|
29 Jan 2019 6:17 AM GMT

മൂന്ന് മാസം മുന്‍പ് കൊല്ലപ്പെട്ട പാര്‍വതിയമ്മാളിന്റെ കൊലയാളികളെ പിടിക്കാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം

പൊലീസിനെതിരെ സമരത്തിനൊരുങ്ങി പാലക്കാട് നെന്മാറ പഞ്ചായത്ത് ഭരണ സമിതി. മൂന്ന് മാസം മുന്‍പ് കൊല്ലപ്പെട്ട പാര്‍വതിയമ്മാളിന്റെ കൊലയാളികളെ പിടിക്കാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് നെന്മാറ.

2018 നവംബര്‍ 2നാണ് നെന്മാറ അളുവശ്ശേരി പാര്‍വതിയമ്മാള്‍ എന്ന വൃദ്ധ കൊല്ലപ്പെട്ടത്. തുടക്കം മുതല്‍ പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മൃതദേഹം ആദ്യം കണ്ടയാളെ പൊലീസ് ഒരാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും നിരപരാധിയാണെന്ന് കണ്ടെത്തി പിന്നീട് വിട്ടയച്ചു. കൊലപാതകം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്ത പൊലീസിനെതിരെ പാര്‍വതിയമ്മാളിന്‍റെ മക്കള്‍ പഞ്ചായത്തിന് പരാതി നല്‍കി. പൊലീസ് നിഷ്‍ക്രിയമാണെന്നും പാര്‍വതിയമ്മാളിന്‍റെ കുടുംബത്തിന് നീതി ലഭിക്കാനായി പ്രക്ഷോഭ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബാബു പറഞ്ഞു.

മോഷണത്തിനായി നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പാര്‍വതിയമ്മാളിന്‍റെ ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്. ഫോറന്‍സിക് സര്‍ജന്‍ അടക്കം കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധനകള്‍ നടത്തിയിരുന്നു. പ്രതിയെ കുറിച്ച് ഇപ്പോഴും പൊലീസിന് കാര്യമായ സൂചനകള്‍ ലഭിച്ചിട്ടില്ലെന്നാണ് വിവരം. സി.പി.എം നേതൃത്വം നല്‍കുന്ന പഞ്ചായത്ത് തന്നെ പൊലീസിനെതിരെ സമരത്തിന് ചുക്കാന്‍ പിടിക്കുന്നത് സംസ്ഥാന സര്‍ക്കാരിന് നാണക്കേടാകും.

Related Tags :
Similar Posts