Kerala
ഏകപക്ഷീയമായി സിമന്റ് വില വര്‍ധിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇ.പി ജയരാജന്‍
Kerala

ഏകപക്ഷീയമായി സിമന്റ് വില വര്‍ധിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇ.പി ജയരാജന്‍

Web Desk
|
20 Feb 2019 2:15 AM GMT

സിമന്റ് ഉല്‍പാദന കമ്പനികളുടെയും ഡീലര്‍മാരുടെയും പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഏകപക്ഷീയമായി സിമന്റ് വില വര്‍ധിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. സിമന്റ് ഉല്‍പാദന കമ്പനികളുടെയും ഡീലര്‍മാരുടെയും പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

കേരളത്തില്‍ സിമന്റ് വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സിമന്റ് കമ്പനികളും വിതരണക്കാരുമായി മന്ത്രി ചര്‍ച്ച നടത്തിയത്. അടുത്തിടെ ഒരു ചാക്ക് സിമന്റിന് 25 രൂപ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് വ്യവസായ മന്ത്രി ആവശ്യപ്പെട്ടു. വില വര്‍ധിപ്പിക്കുന്നതിനു മുന്‍പ് ഇക്കാര്യം സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണം.

വില കുറയ്ക്കുന്ന കാര്യത്തില്‍ കമ്പനി മാനേജ്‌മെന്റുമായി ആലോചിച്ച് ഈ മാസം 27നകം വിവരം അറിയിക്കാമെന്ന് സിമന്റ് കമ്പനി പ്രതിനിധികള്‍ ഉറപ്പു നല്‍കി. സിമന്റ് കമ്പനികള്‍ ബില്ലിങ്ങ് പ്രൈസില്‍ അടുത്തിടെ 30 രൂപ വര്‍ധിപ്പിച്ചതായി വിതരണക്കാര്‍ പറഞ്ഞു. എന്നാല്‍ വില കുറയ്ക്കുന്നതു വരെ സമരം തുടരുമെന്ന് വിതരണക്കാര്‍ പറയുന്നു.

സിമന്റ് വില നിയന്ത്രിക്കാന്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും സഹകരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മലബാര്‍ സിമന്റ് വില്‍പ്പന വ്യാപിപ്പിക്കാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Similar Posts