ചര്‍ച്ച് ആക്ട്; നടപ്പിലാക്കില്ലെന്ന് സഭാ നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
|സര്‍ക്കാരുമായി ആലോചിച്ചല്ല നിയമപരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു
ചര്‍ച്ച് ആക്ട് നടപ്പാക്കില്ലെന്ന് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. സര്‍ക്കാരുമായി ആലോചിച്ചല്ല നിയമപരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്രൈസ്തവ സഭകളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പ് വരുത്തുക എന്നതാണ് ചര്‍ച്ച് ആക്ടിലൂടെ ലക്ഷ്യംവെക്കുന്നത്.
എന്നാല്‍ നിയമപരിഷ്കരണ കമ്മീഷന്‍ കരട് പുറത്ത് വിട്ടതോടെ പ്രതിഷേധവുമായി ക്രൈസ്തവ സഭകള്‍ രംഗത്ത് എത്തിയിരുന്നു. കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി തള്ളണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഭാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും സർക്കാരിനെ മറികടന്ന് കമ്മീഷൻ മുന്നോട്ട് പോകുമോയെന്ന് ആശങ്കയുണ്ടെന്നും സഭാ നേതാക്കള്‍ പറഞ്ഞു. നിയമപരിഷ്കാര കമീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു ഉദ്ദേശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭാ നേതാക്കളോട് വ്യക്തമാക്കി.