Kerala
ശാന്തിവനത്തിലെ  ടവര്‍ നിര്‍മാണം;കെ.എസ്.ഇ.ബി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സമരസമിതി
Kerala

ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം;കെ.എസ്.ഇ.ബി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സമരസമിതി

Web Desk
|
9 May 2019 2:41 AM GMT

വെള്ളിയാഴ്ച കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ കളക്ടറേറ്റ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കാനാണ് സമരസമിതിയുടെ തീരുമാനം

വ്യാജരേഖകള്‍ ഹാജരാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് എറണാകുളം ശാന്തിവനത്തിലെ ടവര്‍ നിര്‍മാണത്തിനായി കെ.എസ്.ഇ.ബി അനുകൂല വിധി നേടിയെടുത്തതെന്ന ആരോപണവുമായി ശാന്തിവനം സംരക്ഷണ സമിതി. ചര്‍ച്ചക്ക് വിളിച്ച ജില്ലാ കളക്ടര്‍ കെ.എസ്.ഇ.ബിയുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചതെന്നും സമരസമിതി ആരോപിച്ചു. ടവര്‍ നിര്‍മാണത്തിനെതിരായ സമരം വിപുലീകരിക്കാനാണ് ഇവരുടെ തീരുമാനം .

കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വ്യാജരേഖകള്‍ ഹാജരാക്കിയാണ് കെ.എസ്.ഇ.ബി ശാന്തിവനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂലവിധി നേടിയെടുത്തതെന്നാണ് സംരക്ഷണസമിതിയുടെ ആരോപണം. ടവറിന് ആവശ്യമായ കുഴിമാത്രം എടുത്ത സമയത്ത് വൈദ്യുതി ലൈന്‍ വലിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായി എന്ന് കെഎസ്ഇബി കോടതിയെ ധരിപ്പിച്ചു. തെറ്റായ റൂട്ട് മാപ്പ് ഹാജരാക്കി, കാവുകള്‍ നശിക്കാതിരിക്കാനാണ് നിലവിലെ മാതൃകയില്‍ ലൈന്‍ വലിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചു. 11 ലക്ഷത്തോളം രൂപ ടവര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ശാന്തിവനത്തില്‍ ചെലവാക്കിയെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഈ സമയത്ത് ടവറിനായുള്ള കുഴി നിര്‍മാണം ആരംഭിക്കുക മാത്രമാണ് ചെയ്തതെന്നും സംരക്ഷണസമിതി ആരോപിക്കുന്നു.

വെള്ളിയാഴ്ച കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ കളക്ടറേറ്റ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കാനാണ് സമരസമിതിയുടെ തീരുമാനം. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പരിസ്ഥിതി സംരക്ഷണസമര സമിതികളുമായി കൂടിയാലോചിച്ച് കൊണ്ട് സമരം വിപുലീകരിക്കാനാണ് സമരസമിതി ആലോചിക്കുന്നത്.

Similar Posts