നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു
|53 ദിവസത്തെ ആശുപത്രിവാസത്തിന് വിരാമമിട്ടാണ് പറവൂര്‍ സ്വദേശിയായ യുവാവ് വീട്ടിലേക്ക് മടങ്ങിയത്.
നിപ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന അതിജീവനം യാത്രയയപ്പ് ചടങ്ങ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. എറണാകുളത്തെ നിപ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു.
രണ്ടാമതും നിപയെന്ന മാരക രോഗത്തെ പൊരുതി തോല്‍പ്പിച്ചതിന്റെ ആഘോഷമായിരുന്നു അതിജീവനം പരിപാടി. കഴിഞ്ഞ 53 ദിവസത്തെ ആശുപത്രിവാസത്തിന് വിരാമമിട്ടാണ് പറവൂര്‍ സ്വദേശിയായ യുവാവ് വീട്ടിലേക്ക് മടങ്ങിയത്. നിപയെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്കുള്ള യുവാവിന്റെ മടക്കത്തില്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്തോഷത്തിലാണ്. ആശുപത്രിയില്‍ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയില്‍ രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ മന്ത്രി ശൈലജ ടീച്ചര്‍ അനുമോദിച്ചു.
സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 50 ലക്ഷം രൂപ നല്‍കുമെന്ന് ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ആസാദ് മൂപ്പന്‍ പറഞ്ഞു. എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ്, ഡോ ഹരീഷ് പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.