Kerala
മത്സരിക്കുന്നില്ലെന്ന ബി.ഡി.ജെ.എസ് നിലപാട് ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കാനെന്ന് സൂചന
Kerala

മത്സരിക്കുന്നില്ലെന്ന ബി.ഡി.ജെ.എസ് നിലപാട് ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കാനെന്ന് സൂചന

Jaisy Thomas
|
26 Sep 2019 2:22 AM GMT

എന്‍.ഡി.എ ഘടകക്ഷിയായിട്ടും ബി.ഡി.ജെ.എസിനെ ബി.ജെ.പി കാര്യമായി പരിഗണിക്കാത്തതിലുള്ള പ്രതിഷേധം ബി.ജെ.പി കേന്ദ്രനേതൃത്വത്തെ അറിയിക്കാനാണ് സംസ്ഥാന കൌണ്‍സില്‍ യോഗം തീരുമാനിച്ചത്.

അരൂരില്‍ മത്സരിക്കുന്നില്ലെന്ന ബി.ഡി.ജെ.എസ് നിലപാട് ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കാനെന്ന് സൂചന. എന്‍.ഡി.എ ഘടകക്ഷിയായിട്ടും ബി.ഡി.ജെ.എസിനെ ബി.ജെ.പി കാര്യമായി പരിഗണിക്കാത്തതിലുള്ള പ്രതിഷേധം ബി.ജെ.പി കേന്ദ്രനേതൃത്വത്തെ അറിയിക്കാനാണ് സംസ്ഥാന കൌണ്‍സില്‍ യോഗം തീരുമാനിച്ചത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായുള്ള ചര്‍ച്ചക്കായി ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് ഡല്‍ഹിയിലേക്ക് പോകും.

കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എയുടെ ഘടകക്ഷിയെന്ന നിലയിൽ ദേശിയ തലത്തിൽ ബി.ഡി.ജെ.എസിന് അർഹമായ പരിഗണന ലഭിക്കാത്തതില്‍ പാര്‍ട്ടിക്കകത്ത് കടുത്ത അതൃപ്തിയുണ്ട്. അരൂരില്‍ നിലവിലെ സാഹചര്യത്തില്‍ മത്സരിക്കേണ്ടയെന്ന് ബി.ഡി.ജെ.എസ് തീരുമാനിച്ചതും അതിനാലാണ്.

എൻ.ഡി.എയിൽ ബി.ഡി.ജെ.എസിന് അർഹമായ പിന്തുണ ലഭിച്ചില്ലെന്ന് തുഷാര്‍ കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മാറി വയനാട്ടില്‍ മത്സരിച്ചിട്ടും ചെയ്യേണ്ട കാര്യങ്ങള്‍ ബി.ജെ.പി ചെയ്തില്ല. കേരളത്തില്‍ എന്‍.ഡി.എ തകരുന്നതിന് സംസ്ഥാന ബി.ജെ.പിക്ക് ഉത്തരവാദിത്തമുണ്ടെന്നും തുഷാര്‍ കുറ്റപ്പെടുത്തി.

2016 നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച ബി.ഡി.ജെ.എസ് നേതാവ് അനിയപ്പൻ 27000 ലധികം വോട്ടുകൾ നേടിയിരുന്നു. കേരളത്തിലെ എൻ.ഡി.എയുടെ പ്രധാന ഘടകക്ഷിയായ ബി.ഡി ജെ.എസ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നാൽ അത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും.

Related Tags :
Similar Posts