അലുമിനിയം കുടത്തിനുള്ളില്‍ തല കുടുങ്ങിയ ഒന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി ഫയര്‍ ഫോഴ്സ്: വീഡിയോ
|സെപ്റ്റിക് ടാങ്കില്‍ വീണ പശുവിനും രക്ഷകരായെത്തിയത് ഫയര്‍ ഫോഴ്സ് തന്നെ
തിരുവനന്തപുരം ചെങ്കല്‍ച്ചൂളയിലെ ഫയര്‍ സ്റ്റേഷന്‍ ഓഫീസിലേക്ക് ഒന്നര വയസ്സുകാരി അനുഷമയെത്തിയത് തലയില്‍ കുടുങ്ങിയ കുടവുമായാണ്. ഈഞ്ചക്കല്‍ സുഭാഷ് നഗറിലെ സുനില്‍ കുമാറിന്‍റെ മകളാണ് ഈ ഒന്നര വയസ്സുകാരി. കളിക്കുന്നതിനിടെ അബദ്ധത്തില്‍ അലൂമിനിയം കുടത്തിനുള്ളില്‍ കുഞ്ഞിന്‍റെ തല കുടുങ്ങുകയായിരുന്നു. വീട്ടുകാരും അയല്‍വാസികളും എത്ര ശ്രമിച്ചിട്ടും കുടം വലിച്ചൂരിയെടുക്കാന്‍ സാധിച്ചില്ല.. അവസാനം ആശുപത്രിയിലെത്തിച്ചെങ്കിലും അവരും ഈ കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ല... അങ്ങനെയാണ് ചെങ്കല്‍ചൂളയിലെ ഫയര്‍ സ്റ്റേഷനിലേക്ക് മാതാപിതാക്കള്‍ കുഞ്ഞിനെയുമായി എത്തിയത്.
Today's call.......
Posted by Shaheer Shamsudeen on Tuesday, October 1, 2019
കുട്ടിയെ മടിയില്‍ വെച്ച് സാന്ത്വനിപ്പിച്ച് കട്ടര്‍ ഉപയോഗിച്ച് തലയില്‍ നിന്ന് അലൂമിനിയം കുടം കട്ട് ചെയ്തെടുക്കുന്ന വീഡിയോ പിന്നീട് സേനാംഗങ്ങളിലൊരാള്‍ ഫെയ്സ്ബുക്കിലിടുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ ഡി. പ്രവീണിന്‍റെയും അസ്റ്റിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ വി പ്രദീപ്‍കുമാറിന്‍റെയും നേതൃത്വത്തിലായിരുന്നു ഫയര്‍ഫോഴ്സ് സംഘം കുട്ടിയെ രക്ഷപ്പെടുത്തിയത്.
സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബ് തകര്‍ന്ന് ഉള്ളിലേക്ക് വീണ പശുവിനും ഇന്നലെ രക്ഷകരായെത്തിയത് ഫയര്‍ ഫോഴ്സ് തന്നെ. പള്ളിച്ചല്‍ കൈതറവിള ബിജു ഭവനില്‍ ഷിജുവിന്‍റെ പശുവാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച സെപ്റ്റിക് ടാങ്കിനുള്ളിലേക്ക് വീണത്. പശുവിനെ രക്ഷപ്പെടുത്തി കരയ്ക്ക് കേറ്റാന്‍ നാട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും സാധിക്കാത്തിനാല്‍ ഫയര്‍ സര്‍വീസിനെ വിളിക്കുകയായിരുന്നു. അവസാനം സേനാംഗങ്ങളിലൊരാള്‍ തന്നെ ഉള്ളിലിറങ്ങി ക്യാന്‍വാസ് ഹോസ് ഉപയോഗിച്ച് പശുവിനെ കെട്ടിവരിഞ്ഞ് എല്ലാവരും കൂടി കരയ്ക്ക് കയറ്റി.. വീഴ്ചയില്‍ എന്തായാലും പശുവിന് പരിക്കൊന്നും പറ്റിയിട്ടില്ല...
Today's call.......
Posted by Shaheer Shamsudeen on Wednesday, October 2, 2019