പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധം
|ആലുവയിലെ അറുപതിലധികം മഹലുകളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.
പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്നും പ്രതിഷേധം. കോഴിക്കോടും, കൊച്ചിയിലും, തിരുവനന്തപുരത്തും വിവിധ മഹലുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വനിതാ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരം ആറ്റിങ്ങലില്‍ മഹല്ല് കമ്മിറ്റികള്‍ സംയുക്തമായി പ്രതിഷേധ മാര്‍ച്ച് നടത്തി. നിരവധി പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
ആലുവയിലും വലിയ പ്രതിഷേധമാണ് വിവിധ മഹലുകളുടെ നേതൃത്വത്തില്‍ നടന്നത്. ആലുവയിലെ അറുപതിലധികം മഹലുകളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്. കോഴിക്കോട് കുന്ദമംഗലം മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. നൂറുകണക്കിന് ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റ്സ് മാര്‍ച്ചെന്ന പേരില്‍ 67 സമര പ്രയാണങ്ങള്‍ നടന്നു.
ക്യാംപസ് ഫ്രണ്ട് വനിതാ വിഭാഗം കോഴിക്കോട് ഹെഡ്പോസ്റ്റോഫീസിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്‍ലാമി എറണാകുളം ജില്ലാ കമ്മിറ്റിയും ജി.ഐ.ഒയും ചേർന്ന് പ്രകടനം നടത്തി. ഹൈക്കോടതി ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനം മേനക ജങ്ഷനില്‍ സമാപിച്ചു. കോഴിക്കോട് വലിയങ്ങാടിയില്‍ വ്യാപാരികളും തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തി.