പൊന്നാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
|മേഖലയില്‍ വെറും മൂന്ന് ദിവസം കൊണ്ട് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്ക് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മേഖലയില്‍ വെറും മൂന്ന് ദിവസം കൊണ്ട് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ജില്ല ഭരണകൂടം വിലയിരുത്തുന്നുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നടത്തിയ സാമ്പിള്‍ സര്‍വേയില്‍ പോലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നതാണ്.
മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ക്ക് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പാല്, പത്രം, മീഡിയ, മെഡിക്കല്‍ ലാബ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.
ആരാധനാലയങ്ങള്‍ തുറക്കുവാന്‍ പാടുള്ളതല്ല. രാഷ്ട്രീയമോ സാംസ്കാരികമോ ആയ പ്രകടനങ്ങളോ കൂടിച്ചേരലുകളോ യാതൊരു കാരണവശാലും അനുവദിക്കില്ല. പൊന്നാനി നഗരസഭാ പരിധിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കൈവശം വെക്കണം. റേഷന്‍ കാര്‍ഡില്ലാത്ത ആളുകള്‍ നഗരസഭ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങി കൈവശം വെക്കണം.