എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെയ്ക്കണമെന്ന് വിദ്യാര്‍ഥികള്‍
|തിരുവനന്തപുരം നഗരത്തിൽ ഉൾപ്പെടെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വ്യത്യസ്ത പ്രദേശങ്ങൾ കണ്ടയിൻമെൻറ് സോൺ ആയി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റണമെന്ന ആവശ്യം ഉയരുന്നത്.
ഈ മാസം പതിനാറാം തീയതി നടക്കാനിരിക്കുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെയ്ക്കണം എന്ന് ആവശ്യം. തിരുവനന്തപുരം നഗരത്തിൽ ഉൾപ്പെടെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വ്യത്യസ്ത പ്രദേശങ്ങൾ കണ്ടയിൻമെൻറ് സോൺ ആയി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പരീക്ഷ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
ഈ വർഷത്തെ എൻജിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ നടക്കുന്നത് ഈ മാസം 16ന് വ്യാഴാഴ്ചയാണ്. കോവിഡ് വ്യാപനം നിയന്ത്രണത്തിലാവുകയും ലോക് ഡൗണിൽ ഇളവ് നൽകുകയും ചെയ്ത പശ്ചാത്തലത്തിലാണ് 16ന് പരീക്ഷ നടത്താൻ തീരുമാനിച്ചത്. എന്നാൽ രോഗവ്യാപനം പുതിയ ഘട്ടത്തിലേക്ക് കടക്കുകയും കൂടുതൽ സ്ഥലങ്ങളിൽ പ്രാദേശിക വ്യാപനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം നഗരം ട്രിപ്പിൾ ലോക് ഡൗണിലാണ്. കൂടാതെ സംസ്ഥാനത്തിലെ വ്യത്യസ്ത മേഖലകളിൽ കണ്ടെയിന്മെൻറ് സോണുകൾ നിലവിലുണ്ട്. പല പരീക്ഷാ കേന്ദ്രങ്ങളും നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിലാണ്. വിദ്യാർഥികൾക്കും നിയന്ത്രണങ്ങൾ താണ്ടി വരേണ്ടിവരും. ഈ സാഹചര്യത്തിലാണ് പതിനാറാം തീയതിയിലെ പ്രവേശന പരീക്ഷ മാറ്റിവെക്കുന്ന ആവശ്യം സജീവമായിരിക്കുന്നത്.
ദേശീയ തലത്തിലുള്ള എൻജിനീയറിങ് പ്രവേശന പരീക്ഷ മാസങ്ങൾ കഴിഞ്ഞാണ് നടക്കുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. കോളജുകൾ തുറക്കേണ്ട സമയ പരിധിയും കേന്ദ്രവും നീട്ടിയിട്ടുണ്ട്. എഞ്ചിനീയറിങ് ഫാർമസി പ്രവേശന പരീക്ഷ മാറ്റിവെക്കേണ്ടത് ന്യായമായ ആവശ്യമെന്നാണ് ഈ സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.