"ദുരൂഹവ്യക്തിത്വങ്ങളെ അകറ്റി നിര്‍ത്തണം"; മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് സി.പി.എം. മുന്നറിയിപ്പ്
|സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രധാനപ്പെട്ട സ്റ്റാഫിന്റെ യോഗം എ.കെ.ജി. സെന്ററില്‍ വിളിച്ചു ചേര്‍ത്തത്
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സി.പി.എം. ദുരൂഹവ്യക്തിത്വങ്ങളെ അകറ്റി നിര്‍ത്തണമെന്നും വ്യക്തിസൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ല. തെരഞ്ഞെടുപ്പ് അടുക്കാന്‍ പോവുകയാണ്. ഈ ഘട്ടത്തില്‍ പല തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പലരും ശ്രമിക്കും. അതിലൊന്നും പെടാതെ ജാഗ്രതയോടെ മുന്നോട്ടുപോകണം. വ്യക്തി സൗഹൃദങ്ങളിലും ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തരുത്. ആരോപണങ്ങള്‍ക്ക് വഴിയൊരുക്കരുത്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൂടിയാലോചനകള്‍ അനിവാര്യമാണെന്നും കോടിയേരി നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ വരുംമാസങ്ങളില്‍ ആരോപണങ്ങളും ആക്ഷേപങ്ങളും കൂടാന്‍ സാധ്യതയുണ്ടെന്നും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ കോടിയേരി ഓര്‍മിപ്പിച്ചു.
സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രധാനപ്പെട്ട സ്റ്റാഫിന്റെ യോഗം എ.കെ.ജി. സെന്ററില്‍ വിളിച്ചു ചേര്‍ത്തത്.