രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്
|എൽ.ഡി.എഫിനു വേണ്ടി എം.വി ശ്രേയാംസ് കുമാറും യു.ഡി.എഫിനു വേണ്ടി ലാൽ വർഗീസ് കല്‍പകവാടിയുമാണ് മത്സരിക്കുന്നത്
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന് നിയമസഭയിൽ നടക്കും. എൽ.ഡി.എഫിനു വേണ്ടി എം.വി ശ്രേയാംസ് കുമാറും യു.ഡി.എഫിനു വേണ്ടി ലാൽ വർഗീസ് കല്‍പകവാടിയുമാണ് മത്സരിക്കുന്നത്. സഭയിലെ അംഗബലം അനുസരിച്ച് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ജയം ഉറപ്പാണ്.
എം.പി വീരേന്ദ്രകുമാർ അന്തരിച്ച ഒഴിവിലാണ് സംസ്ഥാനത്ത് രാജ്യസഭാ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. കുട്ടനാട്,ചവറ മണ്ഡലങ്ങളില്‍ എം.എല്‍.എമാരില്ല. കെ.എം. ഷാജിക്കും, കാരാട്ട് റസാഖിനും തിരഞ്ഞെടുപ്പ് കേസുള്ളതിനാല്‍ വോട്ട് ചെയ്യാനാകില്ല. ഫലത്തില്‍ 136 വോട്ടുകളാണ് ഉള്ളത്. 69 വോട്ടുകളാണ് ജയിക്കാന്‍ ആവശ്യം. 90 എം എല്‍ എ മാരുടെ പിന്തുണയോടെ ശ്രേയാംസ് കുമാര്‍ വിജിയിക്കുമെന്നതില്‍ തര്‍ക്കമില്ല. 42 വോട്ടുകളാണ് യു.ഡി.എഫിനുള്ളത്. പ്രതീകാത്മ മത്സരമാണ് യുഡിഎഫിന്‍റേതെന്ന് സ്ഥാനാര്‍ഥി ലാല്‍വര്‍ഗീസ് കല്‍പകവാടി തന്നെ പറഞ്ഞുകഴിഞ്ഞു. എന്നാല്‍ ശ്രദ്ധേയമാവുക കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ വിട്ടു നില്‍ക്കലാകും.
ജോസ് വിഭാഗം പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് വിപ്പ് നല്‍കിയിട്ടുണ്ട്. പി.ജെ ജോസഫ് വിഭാഗം പാര്‍ട്ടി വിപ്പ് മോന്‍സ് ജോസഫ് നല്‍കിയ വിപ്പ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് വോട്ടു ചെയ്യണമെന്നാണ്. പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ ജോസഫ് വിഭാഗത്തിന്‍റെ നടപടിക്കാണ് സാധുതയുണ്ടാവുക. രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ്പ് അയോഗ്യതക്ക് കാരണമാകാത്തതിനാല്‍ ജോസ് വിഭാഗത്തിന്റെ വിട്ടു നില്‍ക്കല്‍ മറ്റു നിയമപ്രശ്നങ്ങളുണ്ടാക്കില്ല.