Kerala
മലയാളി മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റ്; യു.പി പൊലീസ് നിയമവാഴ്ച കശാപ്പ് ചെയ്യുന്നു: കെ.യു.ഡബ്ല്യു.ജെ
Kerala

മലയാളി മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റ്; യു.പി പൊലീസ് നിയമവാഴ്ച കശാപ്പ് ചെയ്യുന്നു: കെ.യു.ഡബ്ല്യു.ജെ

|
6 Oct 2020 8:37 AM GMT

'രാജ്യമാകെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിന്‍റെ നിജസ്ഥിതി ലോകത്തെ അറിയിക്കുക എന്ന മാധ്യമപ്രവർത്തകന്‍റെ ഉത്തരവാദിത്തം നിർവഹിക്കാനുള്ള യാത്രയിലാണ് സിദ്ദീഖ് അറസ്റ്റിലായിരിക്കുന്നത്'

ദലിത് യുവതിയെ കൂട്ട ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ ഉത്തർപ്രദേശിലെ ഹാഥ്റാസിലെ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യാൻ പോയ മുതിർന്ന മാധ്യമ പ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ ദൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത യു.പി പൊലീസ് നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ അപലപിച്ചു. രാജ്യത്തെ നടുക്കിയ ദലിത് പീഡനത്തിൽനിന്നു ശ്രദ്ധ തിരിക്കുന്നതിന് മാധ്യമപ്രവർത്തകരെ അടക്കം കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം നിയമവാഴ്ചയെ കശാപ്പ് ചെയ്യലാണ്. രാജ്യമാകെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിന്‍റെ നിജസ്ഥിതി ലോകത്തെ അറിയിക്കുക എന്ന മാധ്യമപ്രവർത്തകന്‍റെ ഉത്തരവാദിത്തം നിർവഹിക്കാനുള്ള യാത്രയിലാണ് സിദ്ദീഖ് അറസ്റ്റിലായിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ അടിവേരറുക്കുന്ന ചെയ്തിയാണിത്. വ്യാജ തെളിവുകൾ ചമച്ച് രാജ്യദ്രോഹ, തീവ്രവാദ മുദ്ര ചാർത്തി നിരപരാധികളെ തടങ്കലിലാക്കുന്ന കിരാത നടപടി ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കാവുന്നതല്ല. മാധ്യമ പ്രവർത്തകനെ അന്യായ തടങ്കലിൽനിന്ന് മോചിപ്പിക്കാൻ പ്രധാനമന്ത്രി അടക്കം വിഷയത്തിൽ ഇടപെടണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും ആവശ്യപ്പെട്ടു.

നിയമവിരുദ്ധ തടങ്കലിൽനിന്ന് മാധ്യമപ്രവർത്തകനെ മോചിപ്പിക്കാൻ നടപടി ആവശ്യപ്പെട്ടു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സംസ്ഥാന പൊലീസ് മേധാവിക്കും യൂണിയൻ കത്തയച്ചു. സർക്കാർ, പൊലീസ് തലത്തിൽ ഇടപെടൽ അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവർക്കും നിവേദനം നൽകി.

Similar Posts