Kerala
പ്രചാരണത്തിനായി അമിത് ഷാ എത്താനിരിക്കെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയില്ലാതെ ബിജെപി
Kerala

പ്രചാരണത്തിനായി അമിത് ഷാ എത്താനിരിക്കെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയില്ലാതെ ബിജെപി

Web Desk
|
20 March 2021 11:01 AM GMT

തലശ്ശേരിയിലെ ബിജെപിയെ സംബന്ധിച്ച് ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും സ്വീകരിച്ചിരുന്നില്ല എന്നതും തിരിച്ചടിയായി.

പ്രചാരണ രംഗം കൊഴുപ്പിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രംഗത്തിറക്കാനിരിക്കെ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിക്കുന്ന നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയിൽ മൂന്നിടത്തെ എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രികകൾ തള്ളി. തലശ്ശേരിയിൽ എൻ. ഹരിദാസിന്‍റെയും ദേവികുളത്ത് ആർ. എം ധനലക്ഷ്മിയുടെയും ഗുരുവായൂരിൽ സി. നിവേദിതയുടെയും പത്രികകളാണ് തള്ളിയത്.

തലശ്ശേരിയിലെ ബിജെപിയെ സംബന്ധിച്ച് ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും സ്വീകരിച്ചിരുന്നില്ല എന്നതും തിരിച്ചടിയായി. ബിജെപി പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളി‍ലെ പ്രചാരണ രംഗം കൊഴുപ്പിക്കാനായി അമിത് ഷാ എത്താനിരിക്കെയാണ് ബിജെപിക്ക് അപ്രതീക്ഷിത അടി നേരിട്ടത്. ഈ മാസം 25നാണ് അമിത് ഷാ തലശ്ശേരിയില്‍ എത്താന്‍ പദ്ധതിയിട്ടിരുന്നത്. ഇതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി മണ്ഡലത്തില്‍ എത്തുമ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരരംഗത്തില്ലാതായി എന്ന ഗതികേടിലാണ് ബി.ജെ.പി.

സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട വിഷയം വളരെ ഗൌരവകരമാണെന്ന് ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടി പ്രതികരിച്ചു. വീഴ്ച വന്നയിടങ്ങളില്‍ പാര്‍ട്ടി വിശദമായ അന്വേഷണം നടത്തുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു

ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയാണ് പത്രിക തള്ളിയ മണ്ഡലങ്ങളില്‍ ഒന്നായ തലശ്ശേരി. മണ്ഡലത്തില്‍ വിജയ പ്രതീക്ഷ വെച്ചിരുന്ന ബിജെപി ജില്ലാ പ്രസിഡന്‍റിനെ തന്നെയാണ് തലശ്ശേരിയില്‍ രംഗത്തിറക്കാന്‍ തീരുമാനിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വി.കെ.സജീവന്‍ നേടിയത് 22,125 വോട്ടുകളാണ് അന്ന് നേടിയത്. മണ്ഡലത്തില്‍ ഇത്തവണ സബ് കളക്ടര്‍ അനുകുമാരിക്ക് മുമ്പാകെ വെള്ളിയാഴ്ചയാണ് ഹരിദാസ് പത്രിക നല്‍കിയിരുന്നത്. എല്‍ഡിഎഫിനായി സിറ്റിങ് എം.എല്‍.എ എ.എന്‍.ഷംസീറും യു.ഡി.എഫിന് വേണ്ടി കെ.പി.അരവിന്ദാക്ഷനും മത്സര രംഗത്തുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts