മിനിസ്ട്രി ഓഫ് ഹാപ്പിനസ്; യുഎഇയുടെ വഴിയേ കേരളത്തിലെ കോൺഗ്രസ്
|യുഡിഎഫിന്റെ ശ്രദ്ധേയമായ വാഗ്ദാനങ്ങളിലൊന്നാണ് മിനിസ്ട്രി ഓഫ് ഹാപ്പിനസ് രൂപീകരണം
യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനങ്ങളിലൊന്നാണ് മിനിസ്ട്രി ഓഫ് ഹാപ്പിനസ് രൂപീകരണം. 'സംസ്ഥാനത്ത് ഉയർന്നു വരുന്ന രാഷ്ട്രീയ സംഘട്ടനങ്ങൾക്കും കൊലപാതകങ്ങൾക്കും അറുതി വരുത്താൻ രാജസ്ഥാൻ മാതൃകയിൽ സമാധാന വകുപ്പ് രൂപീകരിക്കുമെന്നാണ്' പ്രകടന പത്രികയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണത്തിലാണ് മിനിസ്ട്രി ഓഫ് ഹാപ്പിനസിനെ കുറിച്ച് തരൂർ വിശദീകരിച്ചത്.
യുഎഇയാണ് ഇതിന് മുമ്പ് മിനിസ്ട്രി ഓഫ് ഹാപ്പിനസ് രൂപീകരിച്ച രാജ്യം. 2016 ഫെബ്രുവരിയിലായിരുന്നു ഇത്. ഉഹൂദ് ബിൻത് ഖൽഫാൻ അൽ റൂമി എന്ന വനിതയായിരുന്നു ആദ്യ വകുപ്പുമന്ത്രി. ദുബൈയിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിക്കിടെ യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം നടത്തിയത്.
ജനങ്ങളുടെ സന്തോഷരമായ ജീവിതത്തിനായി വിവിധ പദ്ധതികളാണ് മന്ത്രാലയം ആവിഷ്കരിച്ചു നടപ്പാക്കുന്നത്. മന്ത്രാലയത്തിന് കീഴിൽ ചീഫ് ഹാപ്പിനസ് ഓഫീസറും പോസിറ്റിവിറ്റി ഓഫീസറുമുണ്ട്. ഹാപ്പി ഓഫീസസ്, ഹാപ്പിനസ് കൗൺസിൽ, ഹാപ്പിനസ് അവേഴ്സ് തുടങ്ങിയവയും പ്രവർത്തിക്കുന്നു.
ഈ ഐഡിയ കണ്ടുപിടിച്ചത് ആര്?
ജനങ്ങൾക്ക് സന്തോഷമാണ് ആത്യന്തികമായി വേണ്ടത് എന്ന് തിരിച്ചറിഞ്ഞ് പദ്ധതികൾ ആവിഷ്കരിച്ചത് ഭൂട്ടാനാണ്. രാജ്യത്തിന്റെ ഭരണഘടനയിൽ അതുൾപ്പെടുത്തുകയും ചെയ്തു. ജനസംഖ്യാ സെൻസസിൽ 'നിങ്ങൾ സന്തോഷവാനാണോ?' എന്ന ചോദ്യം ഭൂട്ടാൻ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ 35 ശതമാനം പേരും അഭിപ്രായപ്പെട്ടത് തങ്ങൾ അങ്ങേയറ്റം സന്തോഷവാന്മാരാണ് എന്നാണ്.
47.9 ശതമാനം പേർ 'ഒരുവിധം സന്തോഷം' രേഖപ്പെടുത്തിയപ്പോൾ 8.8 ശതമാനം പേർ മാത്രമാണ് അസന്തുഷ്ടരാണ് എന്ന് പ്രതികരിച്ചത്. ജിഡിപി വളർച്ചയെ രാജ്യപുരോഗതിയുടെ മാനദണ്ഡമാക്കുന്നത് 1971ൽ തന്നെ നിരാകരിച്ച രാഷ്ട്രമാണ് ഭൂട്ടാൻ. ജിഡിപിക്ക് പകരം ജിഎൻഎച്ച് (ഗ്രോസ് നാഷണൽ ഹാപ്പിനസ്) സൂചികയാണ് രാജ്യത്തുള്ളത്.
2013ൽ ദക്ഷിണ അമേരിക്കൻ രാഷ്ട്രമായ വെനിസ്വലയും സുപ്രിം സോഷ്യൽ ഹാപ്പിനസ് എന്ന പേരിൽ മന്ത്രാലയം രൂപീകരിച്ചിരുന്നു.