Kerala
ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമല്ല: കൊണ്ടോട്ടിയിലെ ഇടതു സ്ഥാനാർത്ഥി കെ.പി.സുലൈമാൻ ഹാജിയുടെ നാമനിർദേശ പത്രിക മാറ്റിവച്ചു
Kerala

ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമല്ല: കൊണ്ടോട്ടിയിലെ ഇടതു സ്ഥാനാർത്ഥി കെ.പി.സുലൈമാൻ ഹാജിയുടെ നാമനിർദേശ പത്രിക മാറ്റിവച്ചു

Web Desk
|
20 March 2021 9:20 AM GMT

സുലൈൻമാൻ ഹാജിക്ക് പാക് സ്വദേശിനി ഉൾപ്പെടെ രണ്ടു ഭാര്യമാർ ഉണ്ടെന്നും പക്ഷേ ജീവിത പങ്കാളിയുടെ കോളത്തില്‍ ബാധകമല്ല എന്നാണ് സുലൈമാന്‍ ഹാജി രേഖപ്പെടുത്തിയിട്ടുള്ളത് എന്നുമാണ് മുസ്‍ലിം ലീഗ് ആരോപണം

സൂക്ഷ്മപരിശോധനയിൽ കൊണ്ടോട്ടിയിലെ ഇടതു സ്ഥാനാർത്ഥി കെ.പി.സുലൈമാൻ ഹാജിയുടെ നാമനിർദേശ പത്രിക മാറ്റിവച്ചു. ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമല്ലെന്ന യുഡിഎഫ് പരാതിയെ തുടർന്നാണ് നടപടി. സുലൈമാൻ ഹാജിക്ക് പാക് സ്വദേശിനി ഉൾപ്പെടെ രണ്ടു ഭാര്യമാർ ഉണ്ടെന്നും ഇത് പത്രികയിൽ കാണിച്ചില്ലെന്നുമാണ് പരാതിക്കാരായ മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ ആരോപണം.

ജീവിത പങ്കാളിയുടെ കോളത്തില്‍ ബാധകമല്ല എന്നാണ് സുലൈമാന്‍ ഹാജി രേഖപ്പെടുത്തിയിട്ടുള്ളത്. നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും മുസ്‍ലിം ലീഗ് ആരോപിക്കുന്നു. ഈ രണ്ട് കാര്യങ്ങളും ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സുലൈമാന്‍ ഹാജിയുടെ പത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്. തിങ്കളാഴ്ചയായിരിക്കും ഇനി നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന ഉണ്ടാകുക.

കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് കെ.പി സുലൈമാന്‍ ഹാജി. മുസ്‍ലിം ലീഗിന്‍റെ ഉറച്ച സീറ്റാണ് കൊണ്ടോട്ടി. ടി വി ഇബ്രാഹിം ആണ് ഇവിടെ മുസ്‍ലിം ലീഗിന്‍റെ സ്ഥാനാര്‍ഥി.

വ്യവസായി ആയ സുലൈമാന്‍ ഹാജിക്ക് ഗള്‍ഫില്‍ സ്ഥാപനങ്ങളുണ്ട്. താന്‍ ജയിക്കുകയാണെങ്കില്‍ തന്‍റെ മണ്ഡലത്തില്‍ നിന്ന് ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജോലി നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാഗ്ദാനം. തന്‍റെ ബിസിനസ് ലാഭത്തിന്‍റെ മൂന്നിലൊരു ഭാഗം ജനങ്ങള്‍ക്കായിരിക്കും. എംഎല്‍എ ശമ്പളവും അലവന്‍സും പാവപ്പെട്ടവര്‍ക്ക് നല്‍കും എന്നീ വാഗ്ദാനങ്ങളൊക്കെ കഴിഞ്ഞ ദിവസം പ്രചരണത്തിനിടെ അദ്ദേഹം നല്‍കിയിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts