നാമനിർദേശ പത്രിക തള്ളിയതിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചു: പ്രത്യേക സിറ്റിങ്
|നാമനിർദേശ പത്രിക തള്ളിയതിനെതിരെ ബി.ജെ.പി സ്ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് രണ്ട് മണിക്ക് കോടതി പ്രത്യേക സിറ്റിങ് ചേർന്ന് ഹരജി പരിഗണിക്കും.
നാമനിർദേശ പത്രിക തള്ളിയതിനെതിരെ ബി.ജെ.പി സ്ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് രണ്ട് മണിക്ക് കോടതി പ്രത്യേക സിറ്റിങ് ചേർന്ന് ഹരജി പരിഗണിക്കും. ഗുരുവായൂര്‍, തലശ്ശേരി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ദേവികുളത്തെ സ്ഥാനാര്‍ത്ഥി ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണമെന്നാണ് സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്. രജിസട്രാര്‍ക്ക് പ്രത്യേക അപേക്ഷയും നല്‍കി. അവധി ദിനമായതിനാല്‍ ഇന്ന് രണ്ട് മണിക്ക് പ്രത്യേക സിറ്റിങ് നടത്തുമെന്നാണ് അറിയുന്നത്.
നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിലാണ് മൂന്നിടത്ത് എൻഡിഎ സ്ഥാനാർഥികളുടെ പത്രികകൾ തള്ളിയത്. തലശ്ശേരിയിൽ എൻ. ഹരിദാസിന്‍റെയും ദേവികുളത്ത് ആർ. എം ധനലക്ഷ്മിയുടെയും ഗുരുവായൂരിൽ സി. നിവേദിതയുടെയും പത്രികകളാണ് തള്ളിയത്.
സംസ്ഥാന അധ്യക്ഷന്‍റെ ഒപ്പില്ലാത്ത കാരണത്താലാണ് തലശ്ശേരിയിലും ഗുരുവായൂരിലും പത്രികകൾ തള്ളിയത്. ബിജെപി കണ്ണൂർ ജില്ലാപ്രസിഡന്‍റായ തലശ്ശേരിയിലെ സ്ഥാനാർഥി എന്‍. ഹരിദാസിന്‍റെ പത്രികയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍റെ ഒപ്പുണ്ടായിരുന്നില്ല. മഹിളാ മോർച്ച അധ്യക്ഷയായ ഗുരുവായൂർ സ്ഥാനാർഥി സി. നിവേദിതയുടെ പത്രികയില്‍ സംസ്ഥാന അധ്യക്ഷനും ഒപ്പുവെച്ചില്ല. ദേവികുളത്തെ എൻഡിഎ ഡമ്മി സ്ഥാനാർഥിയുടെ പത്രികയും തള്ളി. തലശ്ശേരിയിലും ഗുരുവായൂരിലും എൻഡിഎക്ക് ഡമ്മി സ്ഥാനാർഥികളില്ല.