കേസുകളില്‍ തീര്‍പ്പില്ലാതെ വനിത കമ്മീഷന്‍ ; കെട്ടിക്കിടക്കുന്നത് 11887 കേസുകള്‍
|2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ വനിത കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്തത് 22150 കേസുകള്‍
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന വനിത കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പകുതിയലധികവും തീര്‍പ്പാക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. 11,887 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇക്കാലയളവില്‍ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ക്ക് രണ്ട് കോടിയിലധികം രൂപയാണ് ആനുകൂല്യമായി സര്‍ക്കാര്‍ നല്‍കിയത്.
2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ വനിത കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്തത് 22150 കേസുകള്‍. തീര്‍പ്പാക്കിയത് 10263 എണ്ണം. 11887 കേസുകള്‍ ഇപ്പോഴും തീര്‍പ്പാക്കാതെ കെട്ടികിടക്കുന്നു. തലസ്ഥാന ജില്ലയില്‍ മാത്രം 4407 കേസുകളാണ് തീര്‍പ്പാകാതെയുള്ളത്. പോലീസിനെതിരെ ലഭിച്ച പരാതികളില്‍ 342 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും 226 കേസുകളില്‍ ഇപ്പോഴും തുടര്‍നടപടിയില്ല.
സര്‍ക്കാര്‍ ഓഫീസുകളിലെ മാനസിക പീഡനം സംബന്ധിച്ച പരാതികളില്‍ 100 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ തീര്‍പ്പുണ്ടായത് 38 എണ്ണത്തില്‍ മാത്രം. വിവരാവകാശ നിയമപ്രകാരം അഡ്വ. സിആര്‍ പ്രാണകുമാര്‍ നല്‍കിയ അപേക്ഷയിലാണ് കമ്മീഷന്‍ മറുപടി നല്‍കിയത്. അഞ്ച് വര്‍ഷക്കാലയളവില്‍ ഓണറേറിയം, ടി എ, ടെലിഫോണ്‍ ചാര്‍ജ്ജ്, എക്സ്പേര്‍ട്ട് ഫീ, മെഡിക്കല്‍ റീ ഇന്പേഴ്സ്മെന്‍റ് ഉള്‍പ്പെടെ കമ്മീഷന്‍ ചെയര്‍പേഴ്സണും അംഗങ്ങളും കൈപ്പറ്റിയത് 2,21,36,298 രൂപയാണ്. ചെയര്‍പേഴ്സണ്‍ എംസി ജോസഫൈന്‍ മാത്രം കൈപ്പറ്റിയത് അരക്കോടിയിലധികം രൂപയാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.