പ്രകടന പത്രികയിലെ സൗഹാർദ വകുപ്പ് നിർദേശം പാണക്കാട് കുടുംബത്തിന്റേത്
|പാണക്കാട്ടെത്തിയ മീഡിയവൺ റോഡ് റ്റു വോട്ട് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുസ്ലിം ലീഗ് നേതാക്കൾ
യു.ഡി.എഫ് പ്രകടന പത്രികയിലെ സമാധാനത്തിനും സൗഹാർദത്തിനുമുള്ള വകുപ്പ് എന്ന നിർദേശം പാണക്കാട് കുടുംബത്തിന്റേത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറെ പുതുമകളുള്ളതാണ് യു.ഡി.എഫിന്റെ പ്രകടന പത്രികയിൽ ഉള്ളതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പറഞ്ഞു.
പാണക്കാട് സാദിഖലി തങ്ങൾ നടത്തിയ സൗഹൃദ സന്ദേശ യാത്രയുടെ പ്രൊപ്പോസലാണ് പുതിയ വകുപ്പെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട്ടെത്തിയ മീഡിയവൺ റോഡ് റ്റു വോട്ട് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുസ്ലിം ലീഗ് നേതാക്കൾ.
പുതിയ കാലത്ത് സമൂഹങ്ങൾ തമ്മിലുള്ള അകൽച്ച വർധിക്കുകയാണ്. മുൻപ് ആൽത്തറകളും ചായ മക്കാനികളും ഉണ്ടായിരുന്നു. അവിടത്തെ ഒത്തു കൂട്ടലുകൾ മാനസിക അടുപ്പം സൃഷ്ടിച്ചിരുന്നു. ഇന്നത്തെ കാലത്ത് എല്ലാവരും തിരക്കിലാണ്. ഒന്നിച്ച് ഇരിക്കാനുള്ള ഇടങ്ങൾ തന്നെ ഇന്ന് ഇല്ലാതായതായി സാദിഖലി തങ്ങൾ പറഞ്ഞു.പൊതു ഇടങ്ങൾ പുനഃസ്ഥാപിക്കുന്നതിനു പുതിയ വകുപ്പ് സഹായകരമാകും. മതസൗഹാർദത്തിന് ഏറ്റവും പ്രാധാന്യം നൽകുന്നതാണ് പാണക്കാട് കുടുംബം.
"ഗൾഫിൽ പലയിടങ്ങളിലും മിനിസ്ട്രി ഓഫ് ഹാപ്പിനസ്, മിനിസ്ട്രി ഓഫ് ടോളറൻസ് എന്നൊക്കെയുണ്ടല്ലോ. അതിന്റെ ചുവടു പിടിച്ചു കൊണ്ട് ഒരു വകുപ്പ് ഉണ്ടാക്കുക എന്നതായിരുന്നു നിർദേശം."- സാദിഖലി തങ്ങൾ പറഞ്ഞു.