ഇരട്ട വോട്ടുകള്‍ കണ്ടെത്തി: രമേശ് ചെന്നിത്തലയുടെ പരാതി ശരിവെച്ച് ടിക്കാറാം മീണ
|പാലക്കാട് 800, വൈക്കം- 590, ചാലക്കുടി- 570, ഇടുക്കി- 434 എന്നിങ്ങനെയാണ് ഇരട്ട വോട്ടുകള്‍ കണ്ടെത്തിയത്.
സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോട്ടയം, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് പ്രാഥമികമായി ഇരട്ട വോട്ട് കണ്ടെത്തിയത്. അന്വേഷണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചത്. പാലക്കാട് 800 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. വൈക്കം- 590, ചാലക്കുടി- 570, ഇടുക്കി- 434 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലെ ഇരട്ട വോട്ടുകള്‍. ഇരട്ട വോട്ടുകള്‍ ആദ്യമല്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. ഇന്ത്യയിലാകെ 26 ലക്ഷം ഇരട്ട വോട്ടുകളുണ്ട്. വീട് എവിടെയാണോ അവിടെ മാത്രമേ വോട്ട് ചെയ്യാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
91,60,601പുതിയ വോട്ടർ അപേക്ഷ ലഭിച്ചു. 7,39,905 പേരെ പുതിയതായി ചേർത്തു. 1,76,696 പേരെ ഒഴിവാക്കി. ആകെയുള്ളത് 2,74,46,039 വോട്ടർമാരാണ്. പോളിങിന്‍റെ 72 മണിക്കൂർ മുൻപ് ബൈക്ക് റാലി നിരോധിച്ചെന്നും ടിക്കാറാം മീണ അറിയിച്ചു.
ഉദുമയില്‍ ഒരാള്‍ക്ക് നാല് വോട്ടര്‍ ഐഡി കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. ഉദുമ എഇആര്‍ഒയെ ആണ് സസ്പെന്‍ഡ് ചെയ്തത്.
വോട്ടർ പട്ടികയിലെ ക്രമക്കേടില്‍ പ്രതിപക്ഷം ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പരാതിയില്‍ പറയുന്ന എല്ലാ മണ്ഡലങ്ങളിലെയും കള്ള വോട്ടർമാരെ കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.