അനിശ്ചിതത്വം അവസാനിച്ചു; കെ. പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
|കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പ്രവാസി വ്യവസായി കെ.പി.സുലൈമാൻ ഹാജിയുടെ പത്രികയാണ് അനിശ്ചിതത്വങ്ങൾക്കൊടുവിൽ സ്വീകരിച്ചത്.
കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. മുസ്ലിം ലീഗ് പ്രവർത്തകരുടെ പരാതി തള്ളിക്കൊണ്ടാണ് നടപടി. വരണാധികാരിയുടേത് മുൻധാരണയോടെയുള്ള നടപടിയെന്ന് പരാതിക്കാർ ആരോപിച്ചു. അതേസമയം സ്ഥാനാർത്ഥിയെ വ്യക്തി ഹത്യ നടത്തുന്നത് പരാജയഭീതി കൊണ്ടെന്ന് എൽ.ഡി.എഫ് തിരിച്ചടിച്ചു.
കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പ്രവാസി വ്യവസായി കെ.പി.സുലൈമാൻ ഹാജിയുടെ പത്രികയാണ് അനിശ്ചിതത്വങ്ങൾക്കൊടുവിൽ സ്വീകരിച്ചത്. നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കൊണ്ടോട്ടി നിയമസഭാ മണ്ഡലം വരണാധികാരി ജയ് പി ബാലിന്റെ തീരുമാനം. നാമനിർദേശ പത്രികയിൽ പിഴവില്ലെന്നും, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞതായും എൽ.ഡി.എഫ് വ്യക്തമാക്കി.
ജീവിത പങ്കാളിയുടെ കോളത്തില്‍ ബാധകമല്ല എന്നാണ് സുലൈമാന്‍ ഹാജി രേഖപ്പെടുത്തിയിട്ടുള്ളത്. സുലൈമാൻ ഹാജിക്ക് പാക് സ്വദേശിനി ഉൾപ്പെടെ രണ്ടു ഭാര്യമാർ ഉണ്ടെന്നും ഇത് പത്രികയിൽ കാണിച്ചില്ലെന്നുമാണ് പരാതിക്കാരായ മുസ്ലിം ലീഗ് നേതൃത്വം ആരോപിച്ചിരുന്നത്. നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. ഈ രണ്ട് കാര്യങ്ങളും ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സുലൈമാന്‍ ഹാജിയുടെ പത്രിക സ്വീകരിക്കുന്നത് ശനിയാഴ്ച മാറ്റിവെച്ചത്.
അതേസമയം സുലൈമാൻ ഹാജിക്ക് പ്രായപൂർത്തിയാകാത്ത പാകിസ്ഥാനി സ്വദേശിയായ ഭാര്യയുണ്ട് എന്നതുപ്പെടെയുള്ള ആരോപണങ്ങൾ മുസ്ലിം ലീഗ് പ്രവർത്തകർ ആവർത്തിച്ചു. പത്രിക സ്വീകരിച്ചെങ്കിലും നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് ലീഗിന്റെ തീരുമാനം.
കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് കെ.പി സുലൈമാന്‍ ഹാജി. മുസ്ലിം ലീഗിന്റെ ഉറച്ച സീറ്റാണ് കൊണ്ടോട്ടി. ടി വി ഇബ്രാഹിം ആണ് ഇവിടെ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി.
വ്യവസായി ആയ സുലൈമാന്‍ ഹാജിക്ക് ഗള്‍ഫില്‍ സ്ഥാപനങ്ങളുണ്ട്. താന്‍ ജയിക്കുകയാണെങ്കില്‍ തന്റെ മണ്ഡലത്തില്‍ നിന്ന് ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജോലി നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. തന്റെ ബിസിനസ് ലാഭത്തിന്റെ മൂന്നിലൊരു ഭാഗം ജനങ്ങള്‍ക്കായിരിക്കും. എംഎല്‍എ ശമ്പളവും അലവന്‍സും പാവപ്പെട്ടവര്‍ക്ക് നല്‍കും എന്നീ വാഗ്ദാനങ്ങളൊക്കെ കഴിഞ്ഞ ദിവസം പ്രചരണത്തിനിടെ അദ്ദേഹം നല്‍കിയിരുന്നു.