'സര്‍വേകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നു': രമേശ് ചെന്നിത്തല പരാതി നല്‍കി
|സര്‍വേകള്‍ അരകാശിന് വിലയില്ലാത്തതാണെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് സര്‍വേകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് യുഡിഎഫ്. സര്‍വേകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കിയത്. പഴയ സര്‍വേ ഫലം കാട്ടി പ്രവര്‍ത്തകരെ നിരാശരാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്നാണ് യുഡിഎഫ് നേതാക്കളുടെ കുറ്റപ്പെടുത്തല്‍. അതേസമയം തെരഞ്ഞെടുപ്പ് സര്‍വേകള്‍ കണ്ട് അലംഭാവം കാണിക്കരുതെന്നാണ് മുഖ്യമന്ത്രി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഉപദേശം.
സര്‍വേകള്‍ വോട്ടര്‍മാരില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അട്ടിമറിക്കുന്നുവെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു. മാധ്യമങ്ങള്‍ വിശ്വാസ്യത കളഞ്ഞ് കുളിക്കരുതെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. സര്‍വേകള്‍ അരകാശിന് വിലയില്ലാത്തത് ആണെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
സര്‍വേകള്‍ ആദ്യം വരുന്ന അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണെന്നും അതിനാല്‍ പ്രചാരണത്തില്‍ അലംഭാവം കാണിക്കരുതെന്നുമായിരുന്നു എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉപദേശം.