കോണ്‍ഗ്രസ് വിട്ട റോസക്കുട്ടി ടീച്ചര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങും
|റോസക്കുട്ടി ടീച്ചറുമായി പി കെ ശ്രീമതിയും എം വി ശ്രേയാംസ് കുമാറും കൂടിക്കാഴ്ച നടത്തി.
കോണ്‍ഗ്രസിൽ നിന്നും രാജിവെച്ച കെ സി റോസക്കുട്ടി ടീച്ചർ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കും. വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥികൾക്കായി റോസക്കുട്ടി ടീച്ചർ പ്രചാരണത്തിനിറങ്ങും. റോസക്കുട്ടി ടീച്ചറുമായി പി കെ ശ്രീമതിയും എം വി ശ്രേയാംസ് കുമാറും കൂടിക്കാഴ്ച നടത്തി.
കെപിസിസി വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമാണ് റോസക്കുട്ടി. ഗ്രൂപ്പ് പോരിൽ മനംമടുത്താണ് രാജി. ഹൈക്കമാൻഡ് വരെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിതെന്ന് റോസക്കുട്ടി ടീച്ചർ വിമർശിച്ചു. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന് പിന്തുണയുമായി നേരത്തെ റോസക്കുട്ടി ടീച്ചര്‍ രംഗത്തുവന്നിരുന്നു.
1991ൽ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു റോസക്കുട്ടി ടീച്ചര്‍. നാല് വർഷം സ്‌ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു. 2001 മുതൽ 2012 വരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 2012ലാണ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായത്.