ശ്രീറാം വെങ്കിട്ടരാമന്റെ തിരഞ്ഞെടുപ്പ് നിരീക്ഷക നിയമനം; പ്രതിഷേധവുമായി സിറാജ് മാനേജ്മെന്റ്
|സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടറാം
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ ലംഘിച്ച് ക്രിമിനല്‍ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ട രാമനെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിമയമിച്ച നടപടിക്കെതിരെ സിറാജ് മാനേജ്മെന്റ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ മറികടന്നുള്ള നീക്കത്തിനെതിരെ സിറാജ് മാനേജ്മെന്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായോ നിരീക്ഷകനായോ നിയമിക്കാന്‍ പാടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ചട്ടത്തില്‍ വ്യക്തമാക്കിയിരിക്കെയാണ് കേരളാ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടറാമിനെ നിരീക്ഷകനായി നിയമിച്ചത്. സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടറാം. കേസില്‍ വിചാരണ നടപടികള്‍ നേരിടുന്നതിനിടെയാണ് തമിഴ്നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ശ്രീറാമിന് നിരീക്ഷക ചുമതല നല്‍കിയത്.
സിറാജ് പ്രതിനിധി എ സൈഫുദ്ദീന് ഹാജി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, ചീഫ്സെക്രട്ടറി വി പി ജോയി എന്നിവര്‍ക്ക് പരാതി നല്കി.