Kerala
പിണറായിയുടെ പോസ്റ്ററുകൾക്ക്‌ മുകളിൽ ഉറപ്പാണ് പിജെ ഫ്‌ളക്‌സ്
Kerala

പിണറായിയുടെ പോസ്റ്ററുകൾക്ക്‌ മുകളിൽ 'ഉറപ്പാണ് പിജെ' ഫ്‌ളക്‌സ്

Web Desk
|
23 March 2021 6:12 AM GMT

മുഖ്യമന്ത്രിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച പോസ്റ്ററിന് മുകളിലാണ് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിക്കപ്പെട്ടത് എന്നതാണ് ശ്രദ്ധേയം

കണ്ണൂരിലെ സിപിഎമ്മിനുള്ളിൽ പുകയുന്ന വിഭാഗീയത തെരുവിലേക്ക്. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച വേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ സ്വന്തം മണ്ഡലമായ ധർമ്മടത്ത് മുതിര്‍ന്ന നേതാവ് പി ജയരാജനു വേണ്ടി ഫ്‌ളക്‌സ് ബോർഡ് ഉയർന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച പോസ്റ്ററിന് മുകളിലാണ് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിക്കപ്പെട്ടത് എന്നതാണ് ശ്രദ്ധേയം.

ധർമ്മടം നിയോജക മണ്ഡലത്തിലെ സി.പി.എം ശക്തി കേന്ദ്രമായ ആർ വി മെട്ടയിലെ റോഡരികിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിട്ടുള്ളത്. 'ഞങ്ങടെ ഉറപ്പാണ് പിജെ' എന്നാണ് ഫ്‌ളക്‌സിൽ എഴുതിയിട്ടുള്ളത്. പോരാളികൾ എന്നാണ് ഫ്‌ളക്‌സ് വച്ചവർ വിശേഷിപ്പിക്കുന്നത്. മറ്റു പേരുകളില്ല. വെള്ള മുണ്ടും ഷർട്ടുമിട്ട് കസേരയിൽ ഇരിക്കുന്ന ജയരാജനാണ് ഫ്‌ളക്‌സിൽ. പശ്ചത്താലത്തിൽ പ്രസംഗിക്കുന്ന ചിത്രവും.

പ്രതിഷേധം സീറ്റു നൽകാത്തതിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ ജയരാജന് സീറ്റു നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഫ്‌ളക്‌സ് ബോർഡ് ഉയർന്നതെന്ന് വ്യക്തം. നേരത്തെ, സാമൂഹിക മാധ്യമങ്ങളിലും പ്രവർത്തകർ ജയരാജനു വേണ്ടി രംഗത്തെത്തിയിരുന്നു. സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്‌പോർട്‌സ് കൗൺസിലിൽ നിന്ന് ജില്ലാ വൈസ് പ്രസിഡണ്ട് ധീരജ് കുമാർ രാജിവയ്ക്കുകയും ചെയ്തിരുന്നു.

ഇത്തവണ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് നൽകിയ സ്ഥാനാര്‍ത്ഥി പ്രാഥമിക പട്ടികയിൽ തന്നെ ജയരാജന്റെ പേരില്ലായിരുന്നു. ജയരാജനെ മട്ടന്നൂരിൽ മത്സരിപ്പിക്കണമെന്നാണ് അദ്ദേഹത്തിന് ഒപ്പമുള്ളവർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മട്ടന്നൂരിൽ ആരോഗ്യമന്ത്രി കെകെ ശൈലജയാണ് മത്സരിക്കുന്നത്. സിപിഎമ്മിന്റെ സുരക്ഷിത മണ്ഡലമാണിത്.

വടകരയിലെ തോൽവി

വടകര ലോക്‌സഭാ മണ്ഡലത്തിലെ തോൽവിക്ക് ശേഷം ജയരാജന് പാർട്ടി നേതൃതലത്തിൽ പിടിമുറുക്കാനായിട്ടില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാണ് ജയരാജൻ വടകരയിൽ പോരിനിറങ്ങിയത്. എന്നാൽ കടുത്ത പോരിൽ കോൺഗ്രസിലെ കെ മുരളീധരനോട് തോറ്റു.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എംവി ജയരാജൻ നിയമിതനാകുകയും ചെയ്തു. ജില്ലാ നേതൃത്വത്തിൽ നിന്ന് ജയരാജനെ വെട്ടിയ നീക്കമായിരുന്നോ ഇതെന്ന് സംശയിക്കുന്ന പാർട്ടി പ്രവർത്തകർ ഒട്ടനവധി. ജില്ലാ സെക്രട്ടറി മത്സരിക്കുമ്പോൾ സാധാരണഗതിയിൽ ആ ചുമതല കൈമാറുന്നത് താൽക്കാലികമായാണ്. എന്നാൽ ജയരാജന്റെ കാര്യത്തിൽ അതുണ്ടായില്ല.

പാർട്ടിക്കൊപ്പം ജയരാജൻ

തനിക്ക് വേണ്ടി പ്രവർത്തകർ മുറവിളി കൂട്ടുമ്പോഴും പാർട്ടിയുടെ ചട്ടക്കൂടിൽ നിന്നു കൊണ്ടാണ് ജയരാജന്റെ പ്രതികരണങ്ങൾ എന്നതാണ് എടുത്തു പറയേണ്ടത്. പിജെ ആർമിയുമായി ബന്ധമില്ലെന്ന് അദ്ദേഹം പലവുരു വ്യക്തമാക്കിയിട്ടുണ്ട്. അരലക്ഷത്തിലേറെ അംഗങ്ങളുള്ള ഫേസ്ബുക്ക് കൂട്ടായ്മയാണ് പിജെ ആർമി.

"പിണറായിക്കാലം അവസാനിക്കുന്ന ഒരു നാൾ വരും. അവിടെ മുതൽ പിജെക്കാലം തുടങ്ങും. അന്ന് ഞാൻ പാർട്ടിയിലേക്ക് തിരികെ വന്ന് വീണ്ടും ഈ ചെങ്കൊടിയേന്തും. അതുവരെ വിട സഖാക്കളെ. ലാൽ സലാം!!"

'ഒരിക്കലും പൊറുക്കില്ല..പാർട്ടിയോടുതന്നെ വെറുപ്പ് തോന്നിയ നിമിഷം. പ്രസ്ഥാനത്തോടു വിട പറയാൻ തോന്നിയ നിമിഷം. എന്റെ വോട്ട് ഇത്തവണ പാർട്ടിക്ക് ഇല്ല...' - ഇങ്ങനെയുള്ള അതിവൈകാരികമായ പോസ്റ്റുകളാണ് സ്ഥാനാര്‍ത്ഥിത്വ നിഷേധത്തില്‍ പ്രതിഷേധിച്ച് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts