'കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ആവണമെന്നാണ് എന്റെ ആഗ്രഹം': രാഹുല്‍ ഗാന്ധി
|ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി
കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ആവുക എന്നതാണ് തന്റെ ആഗ്രഹമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. അതിനു കുറച്ച് കൂടെ സമയം വേണ്ടി വരും. എന്നാലും അതിനു വേണ്ടി ശ്രമം തുടരും. ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുലിന്റെ കേരളത്തിലെ തെരഞ്ഞെടുപ്പ് പര്യടനം രണ്ടാം ദിവസത്തിലാണ്. എറണാകുളം, കോട്ടയം മണ്ഡലങ്ങളിലായിരുന്നു രാഹുലിന്റെ പര്യടനം. കേരള സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ നടത്തുന്നത്. ഇന്ധനമില്ലാത്ത കാര്‍ ഓടിക്കുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ ഭരണമെന്ന് രാഹുല്‍ പരിഹസിച്ചു. പിഎസ്സി ഉദ്യോഗാർഥികളുടെ സമരം സർക്കാർ കണ്ടില്ലെന്ന് നടിച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പരോക്ഷ മറുപടി നല്കി. രാഹുലിനെ മറ്റ് നാട്ടുകാർ വിളിക്കുന്ന ചില പേരുകൾ ഉണ്ട്. താൻ അതിന് പുറപ്പെടുന്നില്ലെന്നാണ് മുഖ്യമന്ത്രി ആലപ്പുഴയിൽ പറഞ്ഞത്.