Kerala
ഡൗൺലോഡിങ്... ഫിറോസ് കുന്നംപറമ്പിലിന്റെ പത്രിക സൂപ്പർഹിറ്റ്
Kerala

ഡൗൺലോഡിങ്... ഫിറോസ് കുന്നംപറമ്പിലിന്റെ പത്രിക 'സൂപ്പർഹിറ്റ്'

Web Desk
|
24 March 2021 5:18 AM GMT

നാനൂറിലേറെ പേരാണ് സത്യവാങ്മൂലം ഇതുവരെ ഡൗൺേലാഡ് ചെയ്തത്

മലപ്പുറം: തവനൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ നാമനിർദേശ പത്രിക 'സൂപ്പർഹിറ്റ്'. മലപ്പുറം ജില്ലയില്‍ സ്ഥാനാർത്ഥികളുടെ വിശദാംശങ്ങൾ അറിയാൻ ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തത് ഫിറോസിന്റെ സത്യവാങ്മൂലമാണ്. നാനൂറിലേറെ പേരാണ് സത്യവാങ്മൂലം ഡൗൺേലാഡ് ചെയ്തത്.

എതിർ സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.ടി. ജലീലും രണ്ട് പത്രികകൾ നൽകിയിരുന്നു. ഇത് 121 പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

ഫിറോസ് കഴിഞ്ഞാൽ വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിവരങ്ങൾ അറിയാനാണ് കൂടുതലാളുകൾ താൽപര്യം കാണിച്ചിട്ടുള്ളത്. 180 പേരാണ് സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്തത്. കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്രൻ സുലൈമാൻ ഹാജി (173), നിലമ്പൂരിലെ ഇടത് സ്ഥാനാർഥി പി.വി. അൻവർ (139), പെരിന്തൽമണ്ണയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി. മുഹമ്മദ് മുസ്തഫ (105) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്കുകൾ.

മലപ്പുറത്തുനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന പാലോളി അബ്ദുറഹ്‌മാന്റേതാണ് ഏറ്റവും കുറവ്, 18 പേർ.

കമ്മിഷന് നൽകിയ സത്യവാങ്മൂല പ്രകാരം ഫിറോസിന്റെ ആസ്തി 52.58 ലക്ഷം രൂപയാണ്. ഫെഡറൽ ബാങ്ക് ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത് ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്.ഡി.എഫ്.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണുള്ളത്. ഫിറോസ് കുന്നംപറമ്പിൽ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം 20,28,834 രൂപയാണ് ജംഗമ ആസ്തിയായുള്ളത്.

കമ്പോളത്തിൽ 2,95,000 രൂപ വിലവരുന്ന ഭൂമിയുണ്ട്. 2053 സ്‌ക്വയർ ഫീറ്റ് വരുന്ന വീടിൻറെ കമ്പോള വില 31.5 ലക്ഷം രൂപയോളം വരും. ഇത് കൂടാതെ 80,000 രൂപയുടെ വസ്തുവും കൈവശമുണ്ട്. സ്ഥാവര ആസ്തിയായി മൊത്തം 32,30,000 രൂപയുണ്ട്. വാഹന വായ്പയായി 9,22,671 രൂപ അടക്കാനുണ്ട്. കൂടാതെ ഭവന നിർമാണ ബാധ്യതയായി ഏഴ് ലക്ഷം രൂപയുമുണ്ട്. പത്താം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts