Kerala
പുതുതായി ക്രിസ്തുമതം സ്വീകരിച്ചവര്‍ എഡിറ്റ് ചെയ്ത പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
Kerala

"പുതുതായി ക്രിസ്തുമതം സ്വീകരിച്ചവര്‍" എഡിറ്റ് ചെയ്ത പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

Web Desk
|
24 March 2021 11:08 AM GMT

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് കന്യാസ്ത്രീകളെ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു

ഡൽഹിയിൽ നിന്നും ഒഡീഷയിലേക്ക് യാത്ര ചെയ്ത മലയാളികൾ ഉൾപ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെ ബജ്റംഗദൾ പ്രവർത്തകരുടെ ആക്രമണത്തിനെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ആദ്യം എഴുതിയ പോസ്റ്റിലെ എഡിറ്റ് ചെയ്ത ഭാഗമാണ് ചര്‍ച്ചയായിരിക്കുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നായിരുന്നു മുഖ്യമന്ത്രി ആദ്യം പോസ്റ്റ് ചെയ്തത്. അതില്‍ നിന്ന് പുതുതായി ക്രിസ്തുമതം സ്വീകരിച്ചവര്‍ എന്ന ഭാഗം രണ്ടാമത്തെ പോസ്റ്റില്‍ എഡിറ്റ് ചെയ്ത് സന്യാസാർത്ഥികളെ എന്നാക്കി മാറ്റി. മതപരിവര്‍ത്തനം ആരോപിച്ചാണ് കന്യാസ്ത്രീകള്‍ക്ക് നേരെ ഉത്തരേന്ത്യയില്‍ സംഘ്‍പരിവാര്‍ ആക്രമങ്ങള്‍ പ്രധാനമായും നടക്കുന്നത്. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

‌ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് കന്യാസ്ത്രീകളെ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് പിണറായി വിജയന്‍ ഇങ്ങനെ ആവശ്യപ്പെട്ടത്.

ഡൽഹിയിൽ നിന്നും ഒഡീഷയിലേക്ക് യാത്ര ചെയ്ത മലയാളികൾ ഉൾപ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെ മതം മാറ്റാൻ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. മാര്‍ച്ച് 19നായിരുന്നു സംഭവം.

രണ്ട് പെണ്‍കുട്ടികളെ മതം മാറ്റാന്‍ കൊണ്ടു പോവുന്നു എന്നാരോപിച്ച് ട്രെയിനിലുണ്ടായിരുന്ന ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തങ്ങള്‍ ജന്‍മനാ ക്രൈസ്തവരാണെന്ന് പറഞ്ഞിട്ടും ഇവര്‍ പിന്‍മാറിയില്ലെന്ന് സന്യാസിനമാര്‍ പറയുന്നു.

മതംമാറ്റാന്‍ കൊണ്ടു പോവുന്നു എന്ന തെറ്റായ വിവരം നല്‍കി ബജ്‌റംഗള്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിളിച്ചു വരുത്തി. വനിതാ പൊലീസ് ഇല്ലാതെ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും പൊലീസ് ബലമായി ഇവരെ പിടിച്ചിറക്കി. ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചിട്ടും പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും കന്യാസ്ത്രീകള്‍ പറയുന്നു. ശനിയാഴ്ചയാണ് പിന്നീട് ഇവര്‍ യാത്ര തുടര്‍ന്നത്. സഭാവസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിച്ച് പൊലീസ് സംരക്ഷണത്തിലായിരുന്നു ഈ യാത്ര.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts